Sanju Samson: സാക്ഷാല്‍ ധോണിയെ മറികടന്ന് സഞ്ജു; ബിസിസിഐ ഇതൊക്കെ കാണുന്നുണ്ടോ?
ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കുകയാണ് സഞ്ജു
Sanju Samson: തുടര്‍ച്ചയായ അവഗണനകള്‍ക്കിടയിലും പ്രതിഭയെ പിന്നിലാക്കാതെ മലയാളി താരം സഞ്ജു സാംസണ്‍. ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയുടെ റെക്കോര്‍ഡ് സഞ്ജു മറികടന്നു.
ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കുകയാണ് സഞ്ജു. 48 ഇന്നിങ്സുകളില്‍ നിന്ന് 55 സിക്സുകളാണ് സഞ്ജു ഇതുവരെ നേടിയിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ 23 പന്തില്‍ 39 റണ്‍സെടുത്ത സഞ്ജു മൂന്ന് സിക്സറുകള്‍ പറത്തിയിരുന്നു.
85 ഇന്നിങ്സുകളില്‍ നിന്ന് 52 സിക്സുകള്‍ ഉള്ള ധോണിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്. ധോണിയെ മറികടക്കാന്‍ 37 ഇന്നിങ്സുകള്‍ കുറവേ സഞ്ജുവിനു വേണ്ടിവന്നുള്ളൂ. 66 ഇന്നിങ്സുകളില്‍ നിന്ന് 44 സിക്സുകള്‍ നേടിയ റിഷഭ് പന്ത് ആണ് മൂന്നാം സ്ഥാനത്ത്. 32 ഇന്നിങ്സുകളില്‍ നിന്ന് 36 സിക്സുകളുമായി ഇഷാന്‍ കിഷന്‍ നാലാമത്. ഏഷ്യ കപ്പില്‍ ഇതുവരെ ആറ് സിക്സുകളാണ് താരം നേടിയത്. ഒമാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അര്‍ധ സെഞ്ചുറിയുമായി കളിയിലെ താരമാകുകയും ചെയ്തു.