ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ഉപനായകനായ ശുഭ്മാന്‍ ഗില്‍ കായികക്ഷമത വീണ്ടെടുത്തു. ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരം മുതല്‍ താരം കളിക്കുമെന്ന് ഉറപ്പായി. ഗില്‍ ടീമിലെത്തിയതോടെ ഓപ്പണറായി ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണിന്റെ കാര്യം വീണ്ടും അനിശ്ചിതത്ത്വത്തിലായി.
ഗില്‍ ടി20 ടീമില്‍ തിരിച്ചെത്തിയതോടെ സഞ്ജുവിന് ടീമിലെ ഓപ്പണിംഗ് സ്ഥാനം നഷ്ടമായിരുന്നു. പിന്നീട് മധ്യനിരയില്‍ തരക്കേടില്ലാത്ത പ്രകടനങ്ങള്‍ കാഴ്ചവെച്ചെങ്കിലും മധ്യനിരയില്‍ ജിതേഷ് ശര്‍മയ്ക്കാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. ഫിനിഷര്‍ എന്ന നിലയില്‍ ജിതേഷിനുള്ള മെച്ചപ്പെട്ട റെക്കോര്‍ഡാണ് ഇതിന് കാരണം. ഗില്ലിന് പുറമെ വിശ്രമത്തിലായിരുന്ന ജസ്പ്രീത് ബുമ്രയും ടി20 ടീമില്‍ തിരിച്ചെത്തി. അക്ഷര്‍ പട്ടേലും ടീമിലുണ്ട്. പരിക്കില്‍ നിന്ന് മോചിതനായ ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തി. ഡിസംബര്‍ 9ന് തുടങ്ങുന്ന പരമ്പരയില്‍ 5 മത്സരങ്ങളാണുള്ളത്.