പേസര്‍ മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഷമിയെ ടീമിന് പുറത്ത് നിര്‍ത്താനുള്ള കാരണങ്ങളൊന്നും കാണുന്നില്ലെന്നും രഞ്ജിയില്‍ ദീര്‍ഘസ്‌പെല്ലുകള്‍ എറിഞ്ഞുകൊണ്ട് ഷമി തന്റെ ഫോമും കായികക്ഷമതയും തെളിയിച്ചതാണെന്നും ഗാംഗുലി പറഞ്ഞു.
ഷമി അസാമാന്യമായ ബൗളറാണെന്ന് എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ രണ്ടോ മൂന്നോ രഞ്ജി മത്സരങ്ങളില്‍ ബംഗാളിനെ സ്വന്തം നിലയ്ക്ക് വിജയിപ്പിക്കാന്‍ ഷമിക്ക് സാധിച്ചു. ഇതെല്ലാം സെലക്ടര്‍മാര്‍ കാണുന്നുണ്ടെന്ന് ഉറപ്പാണ്. ഷമിയും സെലക്ടര്‍മാരും തമ്മില്‍ ആശയവിനിമയം നടത്തിയിട്ടുണ്ടാകുമെന്ന് കരുതുന്നു.ഫോമും ഫിറ്റ്‌നസും നോക്കിയാല്‍ ഷമിയെ ടെസ്റ്റ്, ഏകദിന ടീമുകളില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള കാരണങ്ങളൊന്നും ഞാന്‍ കാണുന്നില്ല. കാരണം അദ്ദേഹം അത്രമാത്രം പ്രതിഭാധനനാണ്.
നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്നും ഷമിയെ സെലക്ടര്‍മാര്‍ അവഗണിച്ചിരുന്നു. ഷമിക്ക് ഫിറ്റ്‌നസില്ലെന്ന കാരണമായിരുന്നു ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കര്‍ പറഞ്ഞത്. ഇതിന് പിന്നാലെ ബംഗാളിനായി രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയ ഷമി ആദ്യ 2 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളെടുത്തിരുന്നു.തനിക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്ലെന്നും തന്റെ കായികക്ഷമതയെ പറ്റി സെലക്ടര്‍മാര്‍ അന്വേഷിച്ചില്ലെന്നും ഷമി പറഞ്ഞിരുന്നു.