രണ്ട് ഡക്ക് കൊണ്ട് തീരുന്നവനല്ല കോലി; പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍
ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും കോലി പൂജ്യത്തിനാണ് പുറത്തായത്
വിരാട് കോലിയുടെ മോശം ഫോമില്‍ പിന്തുണയുമായി ഇന്ത്യയുടെ മുന്‍താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. കോലിയില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്നും ഓസ്‌ട്രേലിയയിലെ മോശം പ്രകടനം കൊണ്ട് അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചെന്ന് പറയാന്‍ കഴിയില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.
' ഇപ്പോള്‍ നടന്ന കാര്യങ്ങളെ കുറിച്ച് അമിതമായ ആഖ്യാനങ്ങളുടെ ആവശ്യമില്ല. അദ്ദേഹത്തില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. ഇനിയും ഒരുപാട് കളിക്കാനുണ്ട്. ഒരുപക്ഷേ സിഡ്‌നിയില്‍ കോലിയില്‍ നിന്ന് മികച്ചൊരു ഇന്നിങ്‌സ് പ്രതീക്ഷിക്കാം. രണ്ട് തവണ ഡക്കിനു പുറത്തായെന്നു കരുതി കോലിയുടെ കരിയര്‍ അവസാനിക്കാന്‍ പോകുകയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒരിക്കലുമില്ല. ഇനിയും ഉയരങ്ങളിലേക്ക് അവന്‍ പോകും. സിഡ്‌നിക്കു ശേഷവും ഒരുപാട് ഏകദിന മത്സരങ്ങള്‍ വരാനിരിക്കുന്നു. ഇന്ത്യയില്‍ വെച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയുണ്ട്. കരിയര്‍ അവസാനിക്കുന്ന നിമിഷത്തില്‍ നിന്ന് ഇപ്പോഴും വളരെ അകലെയാണ് കോലി,' ഗവാസ്‌കര്‍ പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും കോലി പൂജ്യത്തിനാണ് പുറത്തായത്. ഒന്നാം ഏകദിനത്തില്‍ എട്ട് പന്തുകള്‍ നേരിട്ടെങ്കിലും റണ്‍സൊന്നും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. രണ്ടാം ഏകദിനത്തില്‍ നാല് പന്തില്‍ റണ്‍സൊന്നും എടുക്കാതെയാണ് കോലിയുടെ മടക്കം.