ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കഠിനമായ പര്യടനങ്ങളിലൊന്നാണെന്ന് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്. കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരങ്ങളില്‍ പോലും വിജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടില്ല. അതിനാല്‍ ആ വരള്‍ച്ച അവസാനിപ്പിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. താരം പറഞ്ഞു.
കൊല്‍ക്കത്തയില്‍ നവംബര്‍ 14നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. 2 മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം ഗുവാഹത്തിയിലാണ്. ഇന്ത്യന്‍ മണ്ണില്‍ അവരെ തോല്‍പ്പിക്കണമെന്നാണ് ആഗ്രഹം. ഇത് ടീമിന്റെ ഏറ്റവും കഠിനമായ പര്യടനങ്ങളില്‍ ഒന്നായിരിക്കും. കേശവ് മഹാരാജ് പറഞ്ഞു.
ഇത് ഞങ്ങള്‍ക്ക് മുന്നില്‍ വലിയൊരു ചലഞ്ചാണ്. ഞങ്ങള്‍ക്ക് സ്വയം വിലയിരുത്താനുള്ള അവസരമായിരിക്കും. ഞങ്ങള്‍ ഉപഭൂഖണ്ഡത്തിന്റെ മറ്റ് ഭാഗങ്ങള്‍ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു.സമീപ വര്‍ഷങ്ങളില്‍ ടെസ്റ്റിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളില്‍ ഒന്നാണെങ്കിലും 2015ലും 2019ലും ഇന്ത്യയില്‍ നടന്ന അവസാന 2 പരമ്പരകളിലും ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. പാകിസ്ഥാനിലെ പോലെ സ്പിന്‍ അനുകൂല പിച്ചുകളാകും ഇന്ത്യ ഒരുക്കുന്നതെന്ന് പ്രതീക്ഷിക്കുന്നില്ല. താരം പറഞ്ഞു.