നാണം കെടാൻ മാത്രമായി ഇങ്ങനെ കളിക്കണോ?, വെസ്റ്റിൻഡീസിനെതിരെ 92 ന് പുറത്തായി പാകിസ്ഥാൻ, ഏകദിന പരമ്പര നഷ്ടമായി
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 8 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്.പാകിസ്ഥാന്‍ നിരയില്‍ 5 ബാറ്റര്‍മാര്‍ക്ക് റണ്‍സൊന്നും നേടാനായില്ല.
പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 202 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. അവസാന മത്സരത്തില്‍ വിജയിക്കാനായതോടെ പരമ്പര 2-1ന് സ്വന്തമാക്കാന്‍ വെസ്റ്റിന്‍ഡീസിനായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ ഇന്നിങ്ങ്‌സ് 29.1 ഓവറില്‍ 92 റണ്‍സിന് അവസാനിക്കുകയായിരുന്നു. 30 റണ്‍സെടുത്ത സല്‍മാന്‍ ആഗയാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.
ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് 68 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പിന്നീട് ഒത്തു ചേര്‍ന്ന റുഥര്‍ഫോര്‍ഡ്- ഷായ് ഹോപ് സഖ്യവും റോസ്റ്റണ്‍ ചേസ്- ഹോപ് സഖ്യവും റണ്‍സ് ഉയര്‍ത്തി. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും സ്‌കോറിങ്ങ് ഉയര്‍ത്തിയ ഷായ് ഹോപ്‌സാണ് സെഞ്ചുറി നേടികൊണ്ട് വെസ്റ്റിന്‍ഡീസിനെ കരകയറ്റിയത്. അവസാന ഓവറുകളില്‍ ജസ്റ്റിന്‍ ഗ്രീവ്‌സിനൊപ്പം നടത്തിയ വെടിക്കെട്ട് പ്രകടനം വെസ്റ്റിന്‍ഡീസിന് മികച്ച ടോട്ടല്‍ സമ്മാനിക്കുകയായിരുന്നു. ഷായ് ഹോപ് 94 പന്തില്‍ നിന്ന് 120 റണ്‍സും ജസ്റ്റിന്‍ ഗ്രീവ്‌സ് 24 പന്തില്‍ നിന്നും 43 റണ്‍സും നേടി. 36 റണ്‍സുമായി റോസ്റ്റണ്‍ ചെയ്‌സും മികച്ച പിന്തുണയാണ് നല്‍കിയത്.
അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 8 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്.പാകിസ്ഥാന്‍ നിരയില്‍ 5 ബാറ്റര്‍മാര്‍ക്ക് റണ്‍സൊന്നും നേടാനായില്ല. സൂപ്പര്‍ താരം ബാബര്‍ അസം 23 പന്തില്‍ 9 റണ്‍സ് മാത്രമാണ് നേടിയത്. 30 റണ്‍സുമായി സല്‍മാന്‍ അലി ആഗയും 23 റണ്‍സുമായി മുഹമ്മദ് നവാസും മാത്രമാണ് പാക് നിരയില്‍ അല്പമെങ്കിലും തിളങ്ങിയത്. ഇതോടെ പാക് ഇന്നിങ്ങ്‌സ് വെറും 92 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസിനായി ഹെയ്ഡന്‍ സീല്‍സ് 18 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകള്‍ സ്വന്തമാക്കി.