വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. ആദ്യമത്സരത്തില്‍ അയല്‍ക്കാരായ ശ്രീലങ്കയെയാണ് ആതിഥേയരായ ഇന്ത്യ നേരിടുക. പകല്‍ 3 മണിക്ക് ഗുവാഹത്തിയിലെ ബര്‍സപര സ്റ്റേഡിയത്തിലാണ് മത്സരം. 8 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്.
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്,സൗത്താഫ്രിക്ക്, പാകിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളാണ് മത്സരരംഗത്തുള്ളത്. പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലെ കൊളൊംബോയിലാണ് നടക്കുക. ശ്രീലങ്കയുടെ ചില മത്സരങ്ങളടക്കം 11 മത്സരങ്ങള്‍ക്ക് കൊളൊംബോ വേദിയാകും. റൗണ്ട് റോബിന്‍ ഫോര്‍മാറ്റിന് ശേഷം നടക്കുന്ന സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ശേഷമാകും ഫൈനല്‍ മത്സരം നടക്കുക. നവി മുംബൈയില്‍ നവംബര്‍ രണ്ടിനാണ് ഫൈനല്‍ മത്സരം. പാകിസ്ഥാന്‍ ഫൈനലിലെത്തുകയാണെങ്കില്‍ കൊളൊംബോയാകും ഫൈനല്‍ മത്സരത്തിന് വേദിയാവുക.
7 തവണ കിരീടം നേടിയിട്ടുള്ള ഓസ്‌ട്രേലിയയാണ് വനിതാ ക്രിക്കറ്റിലെ ഇത്തവണത്തെയും ഫേവറേറ്റുകള്‍. ഇംഗ്ലണ്ട് നാല് തവണയും ന്യൂസിലന്‍ഡ് ഒരു തവണയും ലോകകപ്പ് ജേതാക്കളായിട്ടുണ്ട്. 2005ലും 2017ലും റണ്ണറപ്പുകളായതാണ് ലോകകപ്പിലെ ഇന്ത്യയുടെ പ്രധാനനേട്ടം. സ്മൃതിമന്ദാന,ഹര്‍മന്‍ പ്രീത് കൗര്‍, ജമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ തുടങ്ങിയ താരങ്ങളുള്ള ഇന്ത്യ ഇത്തവണ ശക്തമായ ടീമുമായാണ് കളിക്കാനെത്തുന്നത്. ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ലോകകിരീടമാണ് ആതിഥേയര്‍ ലക്ഷ്യമിടുന്നത്.