ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഗില്ലിന് വിശ്രമം നൽകിയേക്കും, ഓപ്പണറായി ജയ്സ്വാൾ എത്താൻ സാധ്യത
ദക്ഷിണാഫ്രിക്കക്കെതിരെ 3 ഫോര്‍മാറ്റിലും മത്സരമുള്ളതിനാല്‍ ടി20/ഏകദിന ഫോര്‍മാറ്റില്‍ താരത്തിന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഈ മാസം 30ന് ദക്ഷിണാഫ്രിക്കക്കെതിരെ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഗില്‍ ഭാഗമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ 3 ഫോര്‍മാറ്റിലും മത്സരമുള്ളതിനാല്‍ ടി20/ഏകദിന ഫോര്‍മാറ്റില്‍ താരത്തിന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏകദിന ടീമില്‍ ഗില്ലിന് വിശ്രമം അനുവദിക്കുകയാണെങ്കില്‍ യശ്വസി ജയ്‌സ്വാളിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ പരമ്പരയില്‍ കളിക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ആരാകും ഇന്ത്യയുടെ മധ്യനിരയിലെത്തുക എന്ന ചര്‍ച്ചകളും സജീവമാണ്.
ഏകദിനത്തില്‍ മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റെക്കോര്‍ഡ് ഉണ്ടെങ്കിലും സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് പരിഗണിച്ചേക്കില്ല. നിലവില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ കളിക്കുന്ന ഇന്ത്യ എ ടീമില്‍ ഭാഗമായ തിലക് വര്‍മയെയാകും ശ്രേയസിന് പകരക്കാരനായി പരിഗണിക്കുക.തിലക് കഴിഞ്ഞാല്‍ ധ്രുവ് ജുറലിനെയാണ് ശ്രേയസിന് പകരക്കാരനായി ഇന്ത്യ പരിഗണിക്കുന്നത്.