Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്ക് 124 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം, പരമ്പര സ്വന്തമാക്കി

ഇന്ത്യയ്ക്ക് 124 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം, പരമ്പര സ്വന്തമാക്കി
നാഗ്‌പൂര്‍ , വെള്ളി, 27 നവം‌ബര്‍ 2015 (15:44 IST)
നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 124 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നാലു ടെസ്റ്റുകളുള്ള പരമ്പരയില്‍ രണ്ട് ജയങ്ങളോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ തുടര്‍ച്ചയായി കറക്കിവീഴ്ത്തിയാണ് ഇന്ത്യ പരമ്പര നേടിയത്. 
 
ടെസ്റ്റിന്‍റെ മൂന്നാം നാള്‍ ഉച്ചഭക്ഷണ സമയത്തോടെ ഇന്ത്യ വിജയം കണ്ടു എന്നത് വിജയത്തിന്‍റെ മാറ്റ് ഇരട്ടിപ്പിക്കുന്നു. മൊഹാലി ടെസ്റ്റിലും ഇതുതന്നെയാണ് സംഭവിച്ചത്. കളിയുടെ രണ്ടാം ദിവസം 20 വിക്കറ്റുകള്‍ വീണപ്പോള്‍ തന്നെ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. സ്പിന്നര്‍മാര്‍ മരണം വിതയ്ക്കുന്ന പിച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എത്രസമയം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നാതാണ് ഏവരും ഉറ്റുനോക്കിയിരുന്നത്.
 
310 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 185 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് പട കൂടാരം കയറി. ഡുപ്ലെസിസ്, അം‌ല, ഡുമിനി എന്നിവര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ ഫലം കണ്ടില്ല. അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര ത്രയമാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്.
 
അശ്വിന്‍ ഏഴുവിക്കറ്റുകളാണ് അവസാന ഇന്നിംഗ്സില്‍ വീഴ്ത്തിയത്. 66 റണ്‍സ് വിട്ടുകൊടുത്തായിരുന്നു അശ്വിന്‍റെ പ്രകടനം. അമിത് മിശ്ര മൂന്നുവിക്കറ്റുകള്‍ വീഴ്ത്തി. 
 
ഈ പരമ്പരയിലെ മൂന്നാം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 215 റണ്‍സാണ് പരമ്പരയിലെ തന്നെ ഏറ്റവും മികച്ച ടീം സ്കോര്‍. ഈ മത്സരത്തില്‍ ഒരു താരവും അര്‍ദ്ധസെഞ്ച്വറി അടിച്ചില്ല എന്നതാണ് മറ്റൊരു വലിയ പ്രത്യേകത. 
 
വിരാട് കോഹ്‌ലിയുടെ ക്യാപ്‌ടന്‍സിയില്‍ ടെസ്റ്റുകള്‍ തുടര്‍ച്ചയായി വിജയിക്കുന്നത് ഇന്ത്യയ്ക്ക് അഭിമാനം പകരുന്നതാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരങ്ങള്‍ക്ക് ഇന്ത്യയ്ക്ക് അനുകൂലമായ വിക്കറ്റുകള്‍ ഒരുക്കി എന്നത് വിജയങ്ങളുടെ മൂല്യം കുറയ്ക്കുന്നു എന്ന അഭിപ്രായവും ചിലര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam