Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ഥാനാര്‍ത്ഥിക്ക് നൂറ് അപരന്‍‌മാര്‍!

സ്ഥാനാര്‍ത്ഥിക്ക് നൂറ് അപരന്‍‌മാര്‍!
കൊല്ലം , വ്യാഴം, 9 ഏപ്രില്‍ 2009 (15:25 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെക്കാള്‍ കൂടുതല്‍ അപരന്‍‌മാര്‍ ഉള്ള കാലമാണ്. പലരും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അപരന്‍‌മാരുടെ ശല്യം കാരണം പല മണ്ഡലങ്ങളിലും തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വന്തം മുന്നണി തന്നെ സ്ഥാനാര്‍ത്ഥിക്ക് അപരന്‍‌മാരെ രംഗത്തിറക്കിയാലോ? അതും നൂറുപേരെ!

കൊല്ലം മണ്ഡലത്തിലാണ് മുന്നണി ഇത്തരത്തില്‍ അപരന്‍‌മാരെ ഇറക്കിയിരിക്കുന്നത്. അപരന്‍‌മാരുടെ കര്‍ത്തവ്യം യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിക്കലാണെന്ന് മാത്രം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പി രാജേന്ദ്രന്‍റെ മുഖംമൂടിയണിയണിഞ്ഞ് വോട്ട് ചോദിക്കാനെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇവിടത്തെ അപരന്‍‌മാര്‍. നൂറ് പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ മുഖം മൂടിയണിഞ്ഞ് സ്ഥാനാര്‍ത്ഥിയോടൊപ്പം മണ്ഡലത്തില്‍ പര്യടനം നടത്തുന്നത്.

ബൈക്കുകളിലാണ് ഈ മുഖംമൂടി ധാരികള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം സഞ്ചരിക്കുന്നത്. മിക്ക സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥിക്ക് മുന്‍പേ തന്നെ ഇവര്‍ വോട്ടു ചോദിക്കാനെത്തും. വോട്ടര്‍മാരോട് കുശലം പറഞ്ഞും അവര്‍ക്ക് നേരെ കൈവീശിയും സ്ഥാനാര്‍ത്ഥിയുടെ അതേ ശൈലിയിലാണ് അപരന്മാരുടെ പ്രവര്‍ത്തനം. വോട്ട് പിടിക്കാന്‍ ഹൈടെക് തന്ത്രങ്ങള്‍ ഉപയോഗിക്കുന്നിടത്താണ് ഈ പുതിയ തന്ത്രം പരീക്ഷിക്കാ‍ന്‍ ഇടതുപക്ഷം തയ്യാറായിരിക്കുന്നത്.

പുതിയ ശൈലി പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. വളരെ നല്ല പ്രതികരണമാണ് തങ്ങളുടെ മുഖംമൂടി പ്രചാരണത്തിന് ലഭിക്കുന്നതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. സ്ഥാനാര്‍ത്ഥിയുടെ മുഖം വോട്ടര്‍മാരില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ പുതിയ തന്ത്രം സഹായകരമാകുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍.

ഈ വ്യതസ്തമാ‍യ ശൈലി ആദ്യം പരീക്ഷിച്ചത് ആരാണെന്നതു കൂടി അറിഞ്ഞാലേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകൂ. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മുഖംമൂടി തന്ത്രം പയറ്റിയത്. ഇതുവഴി സംസ്ഥാനത്തിന്‍റെ മുക്കിലും മൂലയിലും തന്‍റെ സാന്നിധ്യം എത്തിക്കാന്‍ മോഡിക്കായി. വോട്ടും ആശയവും ആരുടെ വേണമെങ്കിലും ആവാമെന്നാണല്ലോ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് സദാചാരം !

Share this Story:

Follow Webdunia malayalam