ഇത് തന്നെ ഒരുപാട് കഷ്ടപ്പെട്ടാണ് സമ്മതിപ്പിച്ചത്; ലോകഃയിലെ മമ്മൂട്ടി വേഷത്തെ കുറിച്ച് ദുല്‍ഖര്‍
ലോകഃയിലെ വരാനിരിക്കുന്ന ഏതെങ്കിലും ചാപ്റ്ററുകളില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുമോ എന്ന് അറിയാന്‍ ആരാധകര്‍ക്കു കൗതുകമുണ്ട്
ദുല്‍ഖര്‍ സല്‍മാന്റെ വേഫയറര്‍ ഫിലിംസ് നിര്‍മിച്ച 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര'യില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച കഥാപാത്രമാണ് മമ്മൂട്ടിയുടെ മൂത്തോന്‍. 'വേണ്ട' എന്നൊരു ഡയലോഗ് മാത്രമാണ് ഈ കഥാപാത്രത്തിന്റേതായി സിനിമയില്‍ ഉള്ളത്. മാത്രമല്ല മുഖം കാണിക്കാതെ മമ്മൂട്ടിയുടെ കൈ മാത്രമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ലോകഃയുടെ അടുത്ത ചാപ്റ്ററുകളിലേക്ക് വരുമ്പോള്‍ മമ്മൂട്ടിയുടെ മൂത്തോന്‍ എന്ന കഥാപാത്രത്തെ സ്‌ക്രീനില്‍ നിറഞ്ഞുകാണാമെന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്കുണ്ട്. അതിനിടയിലാണ് മമ്മൂട്ടിയുടെ ലോകഃയിലെ കഥാപാത്രത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ സംസാരിക്കുന്നത്.
ലോകഃയിലെ വരാനിരിക്കുന്ന ഏതെങ്കിലും ചാപ്റ്ററുകളില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുമോ എന്ന് അറിയാന്‍ ആരാധകര്‍ക്കു കൗതുകമുണ്ട്. ആരാധകര്‍ പ്രതീക്ഷിക്കുന്ന പോലെ താനും വാപ്പിച്ചിയും (മമ്മൂട്ടി) ഒന്നിക്കുമെന്ന പ്രതീക്ഷയാണ് ദുല്‍ഖര്‍ പങ്കുവെച്ചത്. ലോകഃയിലെ അടുത്ത ഭാഗങ്ങളില്‍ കാമിയോയായി മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചെത്താന്‍ സാധ്യതയുണ്ടോ എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. ' തീര്‍ച്ചയായും..അത്തരത്തിലുള്ള പ്ലാനിങ്ങുകള്‍ നടക്കുന്നുണ്ട്,' എന്ന് ദുല്‍ഖര്‍ മറുപടി നല്‍കി.
ലോകഃയില്‍ ആയിരിക്കുമോ മമ്മൂട്ടിയും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്നതെന്ന ചോദ്യത്തോടു ദുല്‍ഖര്‍ പ്രതികരിച്ചത് ഇങ്ങനെ, 'അതിന് മുന്‍പ് ഒരു ചാന്‍സ് ഞാന്‍ കാണുന്നില്ല. ലോകയിലെ കാമിയോ തന്നെ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു സമ്മതിപ്പിച്ചെടുത്തതാണ്,'
' 14 വര്‍ഷമായി ഞാന്‍ സിനിമയില്‍ അഭിനയിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹം അതിന് ഓക്കെ പറയുകയാണെങ്കില്‍ ഒരു മകന്‍ എന്നതിനേക്കാള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ അത് ഞാന്‍ അധ്വാനിച്ച് നേടിയതാണ്. ഒരു സിനിമയുടെ കഥയും ആ സിനിമയുടെ ടെക്നിക്കല്‍ ടീമും എല്ലാം നോക്കി മാത്രമേ അദ്ദേഹം ഓക്കെ പറയൂ. പക്ഷെ അദ്ദേഹം എന്നും ഒരു സപ്പോര്‍ട്ട് ആയിട്ട് കൂടെ ഉണ്ടാകും,' ദുല്‍ഖര്‍ പറഞ്ഞു.