വീണ്ടും ജാനകി വിവാദം; ഹിന്ദി സിനിമ 'ജാനകി'ക്ക് അനുമതി നിഷേധിച്ചു
സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിർമാതാക്കൾ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി.
ഛത്തീസ്ഗഢി ഭാഷയിൽ നിർമിച്ച സിനിമ 'ജാനകി'ക്ക് സെൻസർ ബോർഡ് അനുമതി നിഷേധിച്ചിരുന്നു. സംഭവത്തിൽ വിശദീകരണം തേടി കോടതി. ജാനകി, രഘുറാം എന്നീ പേരുകൾ സിനിമയിൽ നിന്ന് മാറ്റണമെന്ന് നിർമാതാക്കളോട് സെൻസർ ബോർഡ് ആവശ്യപ്പെട്ടു.
സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിർമാതാക്കൾ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി. എന്തിനാണ് പേരുകൾ മാറ്റേണ്ടതെന്ന് വിശദീകരിക്കണമെന്ന് സെൻസർ ബോർഡിനോട് കോടതി നിർദേശം നൽകി. കൗശൽ ഉപാധ്യയ സംവിധാനം ചെയ്ത് ദിലേഷ് സാഹു, അനുകൃതി ചൗഹാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ഛത്തീസ്ഗഢിൽ വലിയ വിജയം നേടിയിരുന്നു. അതിന് ശേഷമാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പും റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചത്.
മതപരമായോ സാമൂഹ്യപരമായോ ഉള്ള വികാരങ്ങളെ വ്രണപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ജാനകി, രഘുറാം എന്നീ പേരുകൾ മാറ്റമെന്ന് സെൻസർ ബോർഡ് നിർമാതാക്കളോട് ആവശ്യപ്പെട്ടു. ഈ ആവശ്യം നിർമാതാക്കൾ അംഗീകരിച്ചില്ല. പിന്നീട് പല തവണ ബോർഡിനെ സമീപിച്ചിട്ടും ഫലമുണ്ടാകാതായതോടെയൈാണ് കോടതിയിൽ പോയത്. ഒക്ടോബർ ആറിന് മുൻപ് സെൻസർ ബോർഡ് കൃത്യമായ മറുപടി നൽകണമെന്നും ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.