Kani Kusruti: 'എനിക്ക് 40 വയസായി, വളർത്തിയ അച്ഛനും അമ്മയ്ക്കും നന്ദി': കനി കുസൃതി
ഈ സിനിമയിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവർക്ക് ലഭിച്ചു.
2009 ൽ പുറത്തിറങ്ങിയ 'കേരള കഫേ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം നടിയാണ് കനി കുസൃതി. അതിനുശേഷം, 'കോക്ടെയിൽ', 'കർമ്മയോഗി', 'ശിഖാമണി' തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2019-ൽ പുറത്തിറങ്ങിയ 'ബിരിയാണി' എന്ന ചിത്രത്തിലെ അഭിനയം കനിയുടെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. ഈ സിനിമയിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവർക്ക് ലഭിച്ചു.
ഇപ്പോഴിതാ തന്റെ നാൽപതാം ജന്മദിനത്തിൽ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും നന്ദി പറഞ്ഞിരിക്കുകയാണ് കനി കുസൃതി. ജന്മദിനങ്ങൾ ആഘോഷിക്കുന്ന പതിവില്ലെങ്കിലും തനിക്ക് ആശംസ നേർന്നവർക്കും തന്റെ ജന്മദിനം മറന്നവർക്കും നന്ദി എന്ന് കനി കുസൃതി കുറിച്ചു. തന്നെ കനി കുസൃതി എന്ന വ്യക്തിയായി വളർത്തി വലുതാക്കിയ മാതാപിതാക്കൾക്കും തന്റെ സുഹൃത്തുക്കൾക്കും ആത്മാർഥമായ നന്ദി രേഖപ്പെടുത്തുന്നു എന്ന് കനി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
"സെപ്റ്റംബർ 12-ന് എനിക്ക് 40 വയസ്സായി. ഈ ജീവിത യാത്രയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനും, മറക്കാനും, കാലിടറാനും, നൃത്തം ചെയ്യാനും കഴിയുന്നതിൽ ഞാൻ വളരെയധികം നന്ദിയുള്ളവളാണ്. ഇന്നത്തെ ഞാൻ ആയി എന്നെ വളർത്തിയതിന് എന്റെ അച്ഛനും അമ്മയ്ക്കും, എന്റെ ജീവിതം പങ്കിടുന്നവർക്കും, ജീവിത യാത്രയിൽ എന്നോടൊപ്പം സഞ്ചരിക്കുന്ന സുഹൃത്തുക്കൾക്കും എന്റെ ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു.
നിങ്ങളുടെ സ്നേഹവും ദയയും സഹനവും എന്റെ ജീവിതം ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ സമ്പന്നമാക്കി. എന്റെ സുഹൃത്തുക്കളാണ് ശരിക്കും എന്റെ കുടുംബം. ഞാൻ ജന്മദിനങ്ങൾ ആഘോഷിക്കാറില്ല എങ്കിലും എനിക്ക് ആശംസകൾ അയച്ച എല്ലാവർക്കും നന്ദി. മറന്നുപോയവർക്കും നന്ദി, കാരണം അതൊന്നും ഒരു വിഷയമേയല്ല. മനോഹരമായ ഒരു ജീവിതം നമുക്കെല്ലാവർക്കുമുണ്ട് എന്നതും നിങ്ങളെ കണ്ടുമുട്ടാൻ എനിക്ക് ഭാഗ്യമുണ്ടായി എന്നതുമാണ് പ്രധാനം. നിങ്ങൾ ഇവിടെ ഉള്ളതിന് നന്ദി."- കനി കുസൃതി കുറിച്ചു.