Mammootty: 'ഈ സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്റെ കഥാപാത്രത്തെ ഇഷ്ടപ്പെടാന്‍ തോന്നില്ല'; കളങ്കാവല്‍ വിശേഷങ്ങളുമായി മമ്മൂട്ടി
വിനായകന്‍ ചെയ്ത പൊലീസ് വേഷമാണ് ആദ്യം മമ്മൂട്ടിയിലേക്ക് എത്തിയത്
Mammootty: 'കളങ്കാവല്‍' സിനിമയില്‍ തന്റെ കഥാപാത്രം പൂര്‍ണമായും നെഗറ്റീവ് ഷെയ്ഡില്‍ ഉള്ളതാണെന്ന സൂചന നല്‍കി മമ്മൂട്ടി. ചിത്രത്തിന്റെ പ്രി റിലീസ് ഇവന്റില്‍ സംസാരിക്കുമ്പോഴാണ് താന്‍ പ്രതിനായകന്‍ ആണെന്ന കാര്യം മമ്മൂട്ടി വെളിപ്പെടുത്തിയത്.
' ഈ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്കെന്നെ ഇഷ്ടപ്പെടാനോ, എന്നോടൊപ്പം നിക്കാനോ സാധിക്കില്ല. പക്ഷെ പടം കണ്ടിറങ്ങുമ്പോള്‍ എന്റെ കഥാപാത്രം നിങ്ങളെ വിട്ട് പോവുകയുമില്ല. ഈ സിനിമയിലെ നായകന്‍ വിനായകന്‍ ആണ്. ഞാനും നായകന്‍ ആണ്, പക്ഷെ പ്രതിനായകന്‍ ആണ്,' മമ്മൂട്ടി പറഞ്ഞു.
വിനായകന്‍ ചെയ്ത പൊലീസ് വേഷമാണ് ആദ്യം മമ്മൂട്ടിയിലേക്ക് എത്തിയത്. എന്നാല്‍ തന്നേക്കാള്‍ നന്നായി ഈ വേഷം വിനായകനു ചെയ്യാന്‍ പറ്റുമെന്നതിനാല്‍ മമ്മൂട്ടി വിനായകനെ ഈ സിനിമയിലേക്ക് സജസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിനായകനായി താന്‍ അഭിനയിക്കാമെന്നു മമ്മൂട്ടി വാക്ക് നല്‍കുകയും ചെയ്തു.
നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന കളങ്കാവല്‍ ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തുക. മമ്മൂട്ടി കമ്പനി നിര്‍മിച്ച ഏഴാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫയറര്‍ ഫിലിംസ് ആണ് വിതരണം. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഇന്നലെ ആരംഭിച്ചു.