മമ്മൂട്ടി അടക്കമുള്ള സംസ്ഥാന പുരസ്‌കാര ജേതാക്കള്‍ക്കെതിരെ വര്‍ഗീയ അധിക്ഷേപവുമായി സംഘപരിവാര്‍
ബിജെപി അനുകൂലിയായ ശ്രീജിത്ത് പണിക്കരും ഭ്രമയുഗത്തിലെ അഭിനയത്തിനു മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയതിനെതിരെ പരിഹാസം ഉന്നയിച്ചിരുന്നു
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അടക്കമുള്ള സംസ്ഥാന പുരസ്‌കാര ജേതാക്കള്‍ക്കെതിരെ വിഷം തുപ്പി സംഘപരിവാര്‍ ഹാന്‍ഡിലുകള്‍. സംസ്ഥാന അവാര്‍ഡ് ജേതാക്കളിലെ മുസ്ലിം മതവിശ്വാസികളെ പരാമര്‍ശിച്ചാണ് സംഘപരിവാര്‍ അനുകൂലികളുടെ വര്‍ഗീയ അധിക്ഷേപം.
'ഇപ്രാവശ്യം മുഴുവന്‍ ഇക്കാക്കമാര്‍ക്ക് ആണല്ലോ' എന്നാണ് ബിജെപി നേതാവായ ലസിത പാലക്കല്‍ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചത്. മമ്മൂട്ടി, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ പേരുകള്‍ എടുത്തുപറഞ്ഞാണ് പരാമര്‍ശം. ' മികച്ച നടി ഷംല ഹംസ. മികച്ച നടന്‍ മമ്മൂട്ടി. പ്രത്യേക ജൂറി പരാമര്‍ശം ആസിഫ് അലി. മികച്ച സ്വഭാവ നടന്‍ സൗബിന്‍ ഷാഹിര്‍. മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്. മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ്. ഇപ്രാവശ്യം മൊത്തം ഇക്കാക്കമാര്‍ ആണല്ലോ. ഇതാണോ പരാതി ഇല്ലാത്ത അവാര്‍ഡ് എന്ന് മന്ത്രി പറഞ്ഞത്, മ്യാമന്‍ പോട്ടെ മ്യക്കളെ,' ലസിത പാലക്കല്‍ കുറിച്ചു.
ബിജെപി അനുകൂലിയായ ശ്രീജിത്ത് പണിക്കരും ഭ്രമയുഗത്തിലെ അഭിനയത്തിനു മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയതിനെതിരെ പരിഹാസം ഉന്നയിച്ചിരുന്നു. മമ്മൂട്ടിക്ക് ഇടതുപക്ഷവുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് പുരസ്‌കാരം ലഭിച്ചതെന്ന് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ പരിഹസിച്ചു. ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിനെതിരെയും ഈ കൂട്ടര്‍ രംഗത്തെത്തിയിട്ടുണ്ട്.
'സിപിഎം ബന്ധം, മുസ്ലിം, കൈരളി ടിവി, കാന്‍സര്‍..അതുകൊണ്ട് മമ്മൂട്ടിക്ക് അവാര്‍ഡ്' എന്നാണ് ഒരു സംഘപരിവാര്‍ അനുയായി ഫെയ്‌സ്ബുക്കില്‍ കമന്റിട്ടിരിക്കുന്നത്.