Jyothika: മമ്മൂട്ടിയേയും അജയ് ദേവ്ഗണിനേയും പോലുള്ളവരാണ് അതിന് മുന്‍കൈ എടുത്തത്: ജ്യോതിക നുണ പറയുകയാണെന്ന് തമിഴ് ആരാധകർ
കരിയറിലെ പീക്ക് സമയത്തായിരുന്നു വിവാഹം. ഇതോടെ സിനിമ ഉപേക്ഷിച്ചു.
നടി ജ്യോതികയുടെ തുടക്കം ബോളിവുഡ് ആയിരുന്നുവെങ്കിലും തമിഴ് സിനിമയാണ് ജ്യോതികയ്ക്ക് പ്രശസ്തി നേടി കൊടുത്തത്. തമിഴകത്തെ സൂപ്പർ താരമായിരുന്നു. സൂര്യ, വിജയ്, അജിത്ത്, കമൽ ഹാസൻ തുടങ്ങി സൂപ്പർതാരങ്ങൾക്കെല്ലാം ഒപ്പം ജ്യോതിക അഭിനയിച്ചിട്ടുണ്ട്. കരിയറിലെ പീക്ക് സമയത്തായിരുന്നു വിവാഹം. ഇതോടെ സിനിമ ഉപേക്ഷിച്ചു.
36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോതികയുടെ തിരിച്ചുവരവ്. തമിഴിലെ തിരിച്ചുവരവിന് പിന്നാലെ ഹിന്ദിയിലും സജീവമായി മാറിയിരിക്കുകയാണ് ജ്യോതിക. ഇപ്പോള്‍ താരം ഹിന്ദിയിലാണ് സിനിമകളും സീരീസുകളുമൊക്കെ ചെയ്യുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി തെന്നിന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള ജ്യോതികയുടെ പരാമര്‍ശങ്ങളൊക്കെ വിവാദമായി മാറിയിരുന്നു.
തെന്നിന്ത്യന്‍ സിനിമകളില്‍ നായികയ്ക്ക് പ്രാധാന്യം കുറവാണെന്നൊക്കെയുള്ള ജ്യോതികയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. സിനിമകളെ ഐറ്റം ഡാന്‍സിനെക്കുറിച്ചുള്ള ജ്യോതികയുടെ വിമര്‍ശനവും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ജ്യോതികയുടെ പണ്ടൊരിക്കല്‍ പറഞ്ഞത് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
തന്റെ ഹിന്ദി ചിത്രം ഷൈത്താന്റെ പ്രസ് മീറ്റില്‍ തെന്നിന്ത്യന്‍ സിനിമകളെക്കുറിച്ച് ജ്യോതിക പറഞ്ഞാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ''സൗത്ത് ഇന്ത്യയിലെ ഏതാണ്ട് എല്ലാ നായകന്മാരുടെ കൂടേയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ അവിടെ സ്ത്രീകള്‍ക്ക് അധികം പ്രാധാന്യം ലഭിക്കാറില്ല. പോസ്റ്ററുകളില്‍ പോലും. മമ്മൂട്ടിയേയും അജയ് ദേവ്ഗണിനേയും പോലുള്ളവരാണ് സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കാന്‍ മുന്‍കൈ എടുത്തത്'' എന്നാണ് ജ്യോതിക പറഞ്ഞത്.
തെന്നിന്ത്യന്‍ സിനിമകളില്‍ നായികമാരുടെ മുഖം പോസ്റ്ററില്‍ വെക്കാറില്ല. അതിന് മാറ്റം വന്നത് ബോളിവുഡിലെത്തിയപ്പോഴാണെന്നും ജ്യോതിക പറയുന്നുണ്ട്. ഈ വിഡിയോ വൈറലായതോടെ താരത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ജ്യോതികയുടെ പഴയ സിനിമകളുടെ പോസ്റ്ററുകള്‍ ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയയുടെ മറുപടി.
കാക്ക കാക്ക, വാലി, മൊഴി, ചന്ദ്രമുഖി, ഖുഷി, വേട്ടൈയാട് വിളൈയാട്, ധൂള്‍, സില്ലുന് ഒരു കാതല്‍ തുടങ്ങിയ ജ്യോതിക നായികയായ സിനിമകളുടെ പോസ്റ്റുകള്‍ പങ്കുവച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയ താരത്തിന് മറുപടി നല്‍കുന്നത്. ഈ സിനിമകളുടെ പോസ്റ്ററുകളിലെല്ലാം ജ്യോതികയുടെ മുഖമുണ്ടെന്നും ജ്യോതികയെ വലിയ താരമായി തന്നെയാണ് തെന്നിന്ത്യന്‍ സിനിമ എന്നും പരിഗണിച്ചിട്ടുള്ളതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ബോളിവുഡില്‍ അവസരം കിട്ടാന്‍ വേണ്ടി ഇങ്ങനെ നുണ പറയരുതെന്നും സോഷ്യല്‍ മീഡിയ താരത്തോട് പറയുന്നുണ്ട്. ജ്യോതികയുടെ പ്രതികരണം ശ്രദ്ധ പിടിച്ചു പറ്റാനുള്ളതാണ്. ബോളിവുഡ് തള്ളിക്കളഞ്ഞ ജ്യോതികയെ വളര്‍ത്തിയത് തെന്നിന്ത്യന്‍ സിനിമയാണെന്നത് മറക്കരുതെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.