Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷൂട്ടിംഗ് തുടങ്ങിയിട്ട് 7 മാസം, ലൈലാ ഓ ലൈല എന്ന് വരും ?

ഷൂട്ടിംഗ് തുടങ്ങിയിട്ട് 7 മാസം, ലൈലാ ഓ ലൈല എന്ന് വരും ?
, ബുധന്‍, 11 മാര്‍ച്ച് 2015 (16:53 IST)
സാധാരണനിലയില്‍ ഒരു മലയാള സിനിമയ്ക്ക് 60 മുതല്‍ 90 ദിവസം വരെയാണ് ഷൂട്ടിംഗ് ദിനങ്ങള്‍. ആ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ മിനിമം ബജറ്റില്‍ ഒരുങ്ങുന്ന മലയാള സിനിമയ്ക്ക് ലാഭമുണ്ടാക്കാന്‍ കഴിയുകയുള്ളൂ. പല സിനിമകളും ആ പരിധി മറികടന്ന് ബജറ്റ് റോക്കറ്റ് പോലെ കുതിച്ചുയരുന്നത് സാധാരണ കാഴ്ചയാണെങ്കിലും. മോഹന്‍ലാല്‍ നായകനായ ജോഷിച്ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങിയിട്ട് ഏഴ് മാസമായി എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ സിനിമാലോകം ചര്‍ച്ച ചെയ്യുന്നത്.
 
മോഹന്‍ലാലും അമല പോളും സത്യരാജും പ്രധാനവേഷങ്ങളിലെത്തുന്ന ലൈലാ ഓ ലൈലാ 2014 ഓഗസ്റ്റിലാണ് ചിത്രീകരണം ആരംഭിച്ചത്. മൂന്നുഷെഡ്യൂളുകളായി സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതായാണ് വിവരം. ഹം‌പിയിലായിരുന്നു അവസാനഘട്ട ഷൂട്ടിംഗ്. എന്നാല്‍ സിനിമയുടെ റിലീസ് ഡേറ്റ് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
 
ഇതിനിടയില്‍, സിനിമ ഉപേക്ഷിച്ചതായി വരെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് മോഹന്‍ലാല്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി - ലൈലാ ഓ ലൈലാ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് എന്ന്.
 
ഇക്കഴിഞ്ഞ ക്രിസ്മസിന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു ആദ്യം ആലോചിച്ചത്. പിന്നീട് ഈ വര്‍ഷം വിഷുവിന് എത്തിക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍ വിഷുവിനും ചിത്രം പ്രദര്‍ശനത്തിനെത്തില്ല. സത്യന്‍ അന്തിക്കാടിന്‍റെ ‘എന്നും എപ്പോഴും’ ആണ് മോഹന്‍ലാലിന്‍റെ വിഷുച്ചിത്രം.
 
ഏപ്രില്‍ 30ന് ‘ലൈലാ ഓ ലൈലാ’ പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ലോകനാഥന്‍ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം ഗോപി സുന്ദര്‍. ഫൈന്‍ കട്ട് എന്‍റര്‍ടെയ്ന്‍‌മെന്‍റ്സ് ആണ് നിര്‍മ്മാണം.

Share this Story:

Follow Webdunia malayalam