Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് കേരളത്തിന്‍റെ ഋത്വിക് റോഷന്‍; അടിപൊളി സിനിമ!

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ - നിരൂപണം

Kattappanayile Hritwik Roshan

ജെ സേതുപാര്‍വതി

, വെള്ളി, 18 നവം‌ബര്‍ 2016 (21:12 IST)
അമര്‍ അക്ബര്‍ അന്തോണി എന്ന വമ്പന്‍ ഹിറ്റിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത പുതിയ സിനിമ വന്ന സമയം ശരിയല്ല. നാടുമുഴുവന്‍ നോട്ടില്ലാതെ വലയുന്ന സമയത്ത് ഒരു സിനിമ റിലീസ് ചെയ്യുന്നത് അതിന്‍റെ ബോക്സോഫീസ് പ്രകടനത്തെ ബാധിക്കും എന്നുറപ്പാണ്. മഹാവിജയമായിത്തീര്‍ന്ന പുലിമുരുകന്‍ പോലും കനത്ത തിരിച്ചടിയാണ് നേരിടുന്നത്. അതിനെയെല്ലാം അതിജീവിച്ച് ഒരു സിനിമ റിലീസ് ചെയ്യാന്‍ നാദിര്‍ഷയും നിര്‍മ്മാതാവ് ദിലീപും കാണിച്ച ചങ്കൂറ്റത്തിനാണ് ആദ്യം അഭിനന്ദനം വേണ്ടത്.
 
കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന കോമഡിച്ചിത്രത്തില്‍ താരതമ്യേന പുതുമുഖമായ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍. ചിത്രത്തിന്‍റെ ഒരു തിരക്കഥാകൃത്തും വിഷ്ണുവാണ്. ഒരു ഔട്ട് ആന്‍റ് ഔട്ട് കോമഡിച്ചിത്രം എന്ന നിലയില്‍ ഒരു ഗംഭീര വിരുന്നാണ് ഈ സിനിമ. 100 രൂപയ്ക്ക് 1000 രൂപയുടെ മൂല്യം തിരികെ നല്‍കുന്ന ചിത്രം എന്ന പരസ്യവാചകം അന്വര്‍ത്ഥമാക്കുകയാണ് ഈ കൊച്ചുസിനിമ.
 
സൂപ്പര്‍സ്റ്റാര്‍ ജയന്‍റെ മരണശേഷം അടുത്ത സൂപ്പര്‍താരമാകാനായാണ് കട്ടപ്പനക്കാരന്‍ സുരേന്ദ്രന്‍(സിദ്ദിക്ക്) മദിരാശിക്ക് വണ്ടികയറിയത്. എന്നാല്‍ സുരേന്ദ്രനെ മദിരാശി അനുഗ്രഹിച്ചില്ല. സിനിമയില്‍ ഒന്നുമാകാന്‍ കഴിയാതെ അയാള്‍ നാട്ടില്‍ തിരിച്ചെത്തി. തനിക്ക് കഴിയാതെ പോയ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനാണ് ജയന്‍റെ യഥാര്‍ത്ഥ പേരായ കൃഷ്ണന്‍ നായര്‍ എന്ന് സ്വന്തം മകന് (വിഷ്ണു) സുരേന്ദ്രന്‍ പേരിടുന്നത്. എന്നാല്‍ ഒരു സൂപ്പര്‍താരമാകാനുള്ള ലുക്കോ ബുദ്ധിയോ ഇല്ലാത്തയാളായിരുന്നു കൃഷ്ണന്‍ നായര്‍ എന്ന കിച്ചു. എന്നെങ്കിലും കിച്ചു തന്‍റെ സ്വപ്നങ്ങള്‍ നേടിയെടുക്കുമോ എന്ന ചോദ്യത്തിനാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ഉത്തരം പറയുന്നത്.
 
കണ്ണുനനയിക്കുന്ന രംഗങ്ങളില്‍ പോലും ഹ്യൂമര്‍ കൊണ്ടുവരാന്‍ നാദിര്‍ഷ ശ്രമിച്ചിട്ടുണ്ട്. അതുതന്നെയാണ് ഈ സിനിമ പ്രേക്ഷകന് ഒരു പ്ലസന്‍റ് റൈഡ് സമ്മാനിക്കുന്നത്. ഒരുപക്ഷേ, കല്യാണരാമന് ശേഷം ഇത്രയധികം രസിച്ച് മലയാളികള്‍ ഒരു സിനിമ കണ്ടിരിക്കാനിടയില്ല.
 
നായകനായ വിഷ്ണു ഉണ്ണികൃഷ്ണന്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഹ്യൂമര്‍ രംഗങ്ങളിലും ഇമോഷണല്‍ സീനുകളിലും വിഷ്ണു തിളങ്ങുന്നുണ്ട്. എങ്കിലും ധര്‍മ്മജന്‍, സലിംകുമാര്‍ എന്നിവരുടെ അതിഗംഭീര പ്രകടനം തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. വലിയ ഇടവേളയ്ക്ക് ശേഷമുള്ള സലിംകുമാറിന്‍റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍.
 
നാദിര്‍ഷ തന്നെയാണ് ഈ സിനിമയുടെ സംഗീതവും. ഭേദപ്പെട്ട ഗാനങ്ങളാണെങ്കിലും വളരെ മോശം ഗാനരചന അരോചകമുണ്ടാക്കുന്നതാണ്. ഷാംദത്താണ് ചിത്രത്തിന്‍റെ ക്യാമറ. 
 
റേറ്റിംഗ്: 3.5/5

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“എന്തൊരഴകാണ് ആ കുപ്പായക്കാരിക്ക്...” - കാളിദാസന്‍ പാടുന്നു, ഏറ്റുപാടി പൂമരം !