ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും ഐഎസ്എല്‍ ക്ലബുകളുടെ സിഇഒമാരും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിസന്ധി ഗുരുതരഘട്ടത്തിലെത്തിയിരിക്കുകയാണ്. ആഭ്യന്തര സീസണ്‍ പൂര്‍ണമായും നിലച്ച സാഹചര്യത്തില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പല ഫ്രാഞ്ചസികളും അവസാനിപ്പിച്ച് കഴിഞ്ഞു. ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് (FSDL)പങ്കാളിത്തം അവസാനിപ്പിച്ചതിന് ശേഷം പുതിയ വ്യാപാരപങ്കാളിയെ കണ്ടെത്താനാകാഠതാണ് 2025-26 സീസണ്‍ അനിശ്ചിതത്വത്തിലാകാന്‍ കാരണം.
മോഹന്‍ ബഗാനടക്കം ഇന്ത്യയിലെ പഴക്കം ചെന്ന ക്ലബുകള്‍ പരിശീലനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ ഉപജീവനം തന്നെ അപകടത്തിലായ സാഹചര്യത്തില്‍ പ്രതിസന്ധിക്ക് ഉടന്‍ പരിഗഹാരം കാണണമെന്ന് സുനില്‍ ഛേത്രി,സന്ദേശ് ജിങ്കാനടക്കമുള്ള താരങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഐഎസ്എല്‍- ഐലീഗ് ക്ലബുകളിലെ പ്രതിനിധികളുമായി കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഐഎസ്എല്‍ മുതല്‍ ഐ ലീഗ്, ഐ- ലീഗ് 2 വരെയുള്ള ഇന്ത്യന്‍ ഫുട്‌ബോളിന്റെ എല്ലാതലത്തിലും ദീര്‍ഘകാല സ്ഥിരതയും വളര്‍ച്ചയും കൈവരിക്കാന്‍ പൊതു വാണിജ്യ പങ്കാളിയെ ആവശ്യമാണെന്ന് ഐലീഗ് ക്ലബുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ശ്രമങ്ങള്‍ക്കെല്ലാം ഇടയിലും എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേ മൗനം പാലിക്കുന്നത് വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ ദുര്‍ബലമായ ഇന്ത്യന്‍ ഫുട്‌ബോള്‍ ചത്തതിന് സമമായി മാറുമെന്ന കാര്യം തീര്‍ച്ചയാണ്.