കാന്‍സറിന്റെ വളര്‍ച്ചയും വ്യാപനവും സംബന്ധിച്ച വൈദ്യശാസ്ത്ര പഠനത്തില്‍, ഇന്ന് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പദമാണ് ഒലിഗോ മെറ്റാസ്റ്റാറ്റിക് കാന്‍സര്‍ (Oligo Metastatic Cancer). സാധാരണ ക്യാന്‍സര്‍ പ്രൈമറി ട്യൂമര്‍ പ്രദേശത്തു നിന്ന് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് മെറ്റാസ്റ്റാസിസ് (Metastasis) എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍, ഒലിഗോ മെറ്റാസ്റ്റാറ്റിക് അവസ്ഥയില്‍ ക്യാന്‍സര്‍ വളരെ കുറച്ച് സ്ഥലങ്ങളിലേക്ക് മാത്രമാണ് പടരുന്നത്. അതായത്, രോഗം വ്യാപിച്ചു കൊണ്ടിരിക്കുമ്പോഴും, അത് ശരീരം മുഴുവന്‍ വ്യാപിക്കാത്ത ഇടത്തരം ഘട്ടം.
ഇത് എങ്ങനെ സംഭവിക്കുന്നു?
ക്യാന്‍സര്‍ സെല്ലുകള്‍ അനിയന്ത്രിതമായി വളര്‍ന്ന്, രക്തധാരയിലൂടെയോ ലിംഫ് സംവിധാനത്തിലൂടെയോ ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്ക് പോകുമ്പോഴാണ് മെറ്റാസ്റ്റാസിസ് തുടങ്ങുന്നത്. എന്നാല്‍ ചിലപ്പോള്‍ രോഗിയുടെ പ്രതിരോധശേഷി, ജനിതക ഘടകങ്ങള്‍, ട്യൂമറിന്റെ സ്വഭാവം എന്നിവ കാരണം രോഗവ്യാപനം വളരെ പരിമിതമായ സ്ഥലങ്ങളിലേക്ക് നിയന്ത്രിക്കപ്പെടുന്നു. ഇങ്ങനെയാണ് ഒലിഗോ മെറ്റാസ്റ്റാറ്റിക് ക്യാന്‍സറായി രൂപപ്പെടുന്നത്. ഇത്തരം രോഗികള്‍ക്ക് റേഡിയേഷന്‍, സര്‍ജറി, ടാര്‍ഗറ്റഡ് തെറാപ്പി എന്നിവ വഴി ചികിത്സ നല്‍കാനാകും.
ആദ്യഘട്ടങ്ങളിലാണ് കാന്‍സര്‍ കണ്ടെത്തപ്പെടുന്നതെങ്കില്‍ ചികിത്സയിലൂടെ കാന്‍സര്‍ മുക്തി കൈവരിക്കാം. മറ്റ് കാന്‍സറുകളേക്കാള്‍ ഒലിഗോ മെറ്റാസ്റ്റാറ്റിക് കാന്‍സര്‍ രോഗികളില്‍ ചികിത്സ ഫലപ്രദമാണ്. കാന്‍സര്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തേണ്ടത് പ്രധാനമാണ്. 40 വയസിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ ഹെല്‍ത്ത് ചെക്കപ്പ് ചെയ്യേണ്ടത് അതിനാല്‍ പ്രധാനമാണ്. കുടുംബത്തില്‍ കാന്‍സര്‍ ചരിത്രമുള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.