Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ ഫുട്ബോളിന്‍റെ പവര്‍ഷോട്ട്

ഇന്ത്യന്‍ ഫുട്ബോളിന്‍റെ പവര്‍ഷോട്ട്
FILEFILE
മദ്ധ്യനിരയില്‍ നിന്നൊരു പാസ് പെനാല്‍റ്റി ബോക്‍സിലേക്ക് അവിടെ നിന്നും നായകന്‍ ബായ് ചുംഗ് ബൂട്ടിയയ്‌ക്കായി പന്തു മറിച്ചു നല്‍കുന്നു. എന്നാല്‍ ഷോട്ടെടുക്കാനാഞ്ഞ ബൂട്ടിയ വീണു പോയി. ഒട്ടും സമയം പാഴാക്കാതെ ഓടിയെത്തിയ എന്‍ പി പ്രദീപിന്‍റെ ഇടം കാലനടി സിറിയയുടെ ഗോളിയെ കടന്ന് നെറ്റിലേക്ക്.

നെഹ്രുകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ഇന്ത്യ ഇനി ഓര്‍മ്മിക്കപ്പെടുക. മലയാളിതാരം എന്‍ പി പ്രദീപിന്‍റെ ഈ ഷോട്ടിന്‍റെ പിന്‍ബലത്തിലായിരിക്കും. ഫൈനലില്‍ സിറിയയ്‌ക്കെതിരെ ഇന്ത്യന്‍ താരത്തിന്‍റെ ഗോള്‍ അത്രയ്‌ക്കും മനോഹരവും പ്രാധാന്യമേറിയതുമായിരുന്നു.

ഈ ഷോട്ടിന്‍റെ ശക്തി തുടങ്ങുന്നതാകട്ടെ കേരളത്തിന്‍റെ പവര്‍ ഹൌസായ മൂലമറ്റത്തെ എ കെ ജി നഗര്‍ കോളനിയില്‍ നിന്നും. മൂലമറ്റത്തെ എ കെ ജി കോളനിയില്‍ കൂലിപ്പണിക്കാരായ പാപ്പച്ചനും സാവിത്രിയ്‌ക്കും സ്വപ്നം കാണാന്‍ പോലും കഴിയുന്നതിനപ്പുറത്തേക്കായിരുന്നു മകന്‍റെ വളര്‍ച്ച.

എന്നാല്‍ ഇന്ത്യന്‍ ഫുട്ബോളില്‍ വരും തലമുറയ്‌ക്ക് പ്രദീപ് റോള്‍ മോഡലാകുന്നതു കാണാന്‍ അഛനുണ്ടായില്ല എന്നുമാത്രം. ഇന്ത്യന്‍ ടീമിന്‍റെ പോര്‍ച്ചുഗല്‍ പര്യടനത്തിനിടയില്‍ ടീം മികച്ച പ്രകടനം നടത്തുമ്പോള്‍ പാപ്പച്ചന്‍ ലോകത്തോടു വിടപറഞ്ഞു. അഛന്‍ പാപ്പച്ചന്‍ കിടക്കയിലായതിനു ശേഷം അമ്മ സാവിത്രിയുടെ കഷ്ടതകളുടെ ഫലമെല്ലാം കരുത്താര്‍ജ്ജിച്ചത് പ്രദീപിന്‍റെ കാലുകളിലായിരുന്നു.

കോമണ്‍ വെല്‍ത്തു രാജ്യങ്ങള്‍ മാത്രം പങ്കാളികളാകുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ സുന്ദരക്കുട്ടപ്പന്‍‌മാര്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുകയും മാധ്യമശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യുമ്പോള്‍ ലോകത്തെ ഏതു പ്രമുഖ ഫുട്ബോളറെയും പോലെ ദരിദ്രമായ സാഹചര്യത്തില്‍ നിന്നുമായിരുന്നു പ്രദീപിന്‍റെയും തുടക്കം.

ലോക ഫുട്ബോളില്‍ റൊണാള്‍ഡീഞ്ഞോ, മറഡോണ, സാമുവല്‍ എറ്റൂ ഇന്ത്യന്‍ താരം ഐ എം വിജയന്‍ എന്നിവരെ പോലെ തന്നെ ദാരിദ്രത്തിന്‍റെ പ്രതിരോധം തന്നെയായിരുന്നു പ്രദീപും മറികടന്നത്.ഫുട്ബോള്‍ കമ്പക്കാരനായ അച്ഛന്‍റെ പ്രചോദനവും നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും കൂടിയായപ്പോള്‍ പ്രദീപ് ചെറുപ്പത്തില്‍ തന്നെ ഇന്ത്യന്‍ ഫുട്ബോളിന്‍റെ നെറുകയിലേക്കു വളര്‍ന്നു.

മൂലമറ്റത്തെ സ്കൂള്‍ മൈതാനത്തു പന്തു തട്ടിത്തുടങ്ങി വികാസ്, ഹീറോസ് ക്ലബ്ബുകളുടെ കളിക്കാരനായി മാറിയ പ്രദീപ് യൂണിറ്റി സോക്കര്‍ ക്ലബ്ബിലൂടെ താരമായി വളര്‍ന്നു. കേരള ഫുട്ബോള്‍ അസോസിയേഷന്‍റെ യൂത്ത് ഡവലപ്‌മെന്‍റ് വഴി അണ്ടര്‍ 15 ടി എഫ് എ ചാമ്പ്യന്‍ഷിപ്പിനായി കേരളത്തിന്‍റെ ജഴ്‌സിയണിഞ്ഞു.

അണ്ടര്‍ 19 ടീമില്‍ എത്തിയതോടെ ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകള്‍ പ്രദീപിനെ ശ്രദ്ധിച്ചു തുടങ്ങി. അന്തര്‍ ജില്ലാ മത്സരങ്ങളിലെ പ്രകടനവും സന്തോഷ് ട്രോഫി ക്യാമ്പിലെ പ്രകടനവും എസ് ബി ടിയില്‍ അതിഥി താരമാക്കിയതോടെ പ്രദീപിലെ കളിക്കാരന്‍ രാജ്യാന്തര തലത്തിലേക്കു കരുത്താര്‍ജ്ജിച്ചു.

ഇന്ത്യന്‍ യൂത്ത് ടീമംഗം, ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍, സാഫ് ഗെയിംസ്, ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ അങ്ങനെ പോകുന്നു പ്രദീപിന്‍റെ ഇന്ത്യന്‍ സാമീപ്യം. എസ് ബി ടി യില്‍ നിന്നും മഹീന്ദ്രയിലേക്ക് എത്തിയതോടെ രാജ്യാന്തര ടീമിന്‍റെ അവിഭാജ്യ ഘടകമായി മാറി ഈ ഇന്ത്യന്‍ താരം. ഇന്ത്യന്‍ ഫുട്ബോളെര്‍ക്ക് രണ്ടു സഹോദരിമാരാണുള്ളത്. പ്രീതിയും ദീപ്തിയും.

Share this Story:

Follow Webdunia malayalam