തിബറ്റന്‍ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ഒളിമ്പിക്ക് ദീപശിഖാ പ്രായണത്തിന് നേരെ പ്രതിഷേധ പ്രകടനങ്ങള്‍ വ്യാപകമാകുന്നതിനിടയില്‍ വ്യത്യസതമായ ഒരു ആവശ്യവുമായി അമേരിക്കയിലെ ഒരു കൂട്ടര്‍ രംഗത്ത്.
പുരാതന ഒളിമ്പിക്സില്‍ കായിക താരങ്ങള്‍ നഗ്നരായാണ് മത്സരിച്ചിരുന്നതെന്നും അതിനാല്‍ ഇപ്പോള്‍ നടക്കുന്ന ഒളിമ്പിക്സിലും ഈ രീതിയില്‍ മത്സരങ്ങള്‍ നടത്തണമെന്ന ആവശ്യവുമായാണ് അമേരിക്കയിലെ നഗ്നതാ പ്രീയര്‍ രംഗത്ത് എത്തിയത്.
ഒളിമ്പിക്ക് ദീപശിഖ സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ പ്രയാണം നടത്തിയ അവസരത്തിലാണ് അവര്‍ ഈ ആവശ്യവുമായി രംഗത്ത് എത്തിയത്. അമേരിക്കയില്‍ ദീപശിഖ കടന്ന് പോയ ഏക നഗരമായ സാന്‍ഫ്രാന്‍സിക്കോയിലെ ദീപശീഖാ പ്രയാണം എന്നാല്‍ സംഘാടകരും പ്രതിഷേധക്കാരും തമ്മിലുള്ള ഒളിച്ചുകളിയായി മാറി.
പ്രയാണത്തിന്‍റെ മുന്‍ നിശ്ചയിച്ച് റൂട്ടില്‍ അവസാന നിമഷം മാറ്റം വരുത്തിയതോടെ ദീപശിഖയ്ക്ക് അമേരിക്കയില്‍ അക്രമാസക്തമായ പ്രതിഷേധം നേരിടേണ്ടി വന്നില്ല. ദീപശിഖാ പ്രയാണത്തിന്‍റെ സമാപന ചടങ്ങുകള്‍ റദ്ദാക്കി പകരം എയര്‍പോട്ടില്‍ നിന്ന് ദീപം നേരിട്ട് വിമാനത്തില്‍ കയറ്റി വിട്ടാണ് അധികൃതര്‍ തങ്ങളുടെ തലവേദന ഒഴിവാക്കിയത്.
മോട്ടോര്‍ ബൈക്കിലൂടെ പോലീസ് സംഘത്തിന്‍റെ അകമ്പടിയോടെയായിരുന്നു ദീപപ്രയാണം. എന്നാല്‍ ദീപശിഖ ഏന്തിയ മയോറ കാര്‍ട്ടര്‍ അപ്രതീക്ഷിതമായി തിബറ്റിന് പിന്തുണ പ്രഖ്യാപിക്കുന്ന ബാനര്‍ ഉയര്‍ത്തിക്കാട്ടിയത് സംഘാടകര്‍ക്ക് തിരിച്ചടിയായി. എന്നാല്‍ ഉടന്‍ തന്നെ കാര്‍ട്ടറില്‍ നിന്ന് ദീപശിഖ പിടിച്ചു വാങ്ങി അധികൃതര്‍ മുഖം രക്ഷിച്ചു.