Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിനു നേരെ സെഞ്ച്വറി ഭൂതം

സച്ചിനു നേരെ സെഞ്ച്വറി ഭൂതം സെഞ്ച്വറി. കൂടുതല്‍ റണ്‍സ്
PTIPTI
കൂടുതല്‍ സെഞ്ച്വറി. കൂടുതല്‍ റണ്‍സ്, കൂടുതല്‍ ഏകദിനം, കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് റെക്കോഡുകളുടെ തമ്പുരാനാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റിലെ റെക്കോഡുകളുടെ കാര്യത്തില്‍ തന്നെ റെക്കോഡിട്ടിരിക്കുന്ന സച്ചിന്‍ സെഞ്ച്വറികള്‍ നഷ്ടമാക്കുന്ന കാര്യത്തിലും അതേ പാത തന്നെ പിന്തുടര്‍ന്നു.

കഴിഞ്ഞ മത്സരത്തില്‍ 97 ല്‍ പുറത്തായ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ ഈ പരമ്പരയില്‍ തന്നെ രണ്ടാം തവണയാണ് മൂന്നക്കത്തിനു രണ്ടോ മൂന്നോ ഷോട്ടുകള്‍ക്ക് മുമ്പ് ക്രീസ് വിട്ടത്. പാകിസ്ഥാനെതിരെ രണ്ടാം ഏകദിനത്തില്‍ 99 നു പുറത്തായിരുന്നു. അതിനും ആഴ്ചകള്‍ മുമ്പ് ഓസ്ട്രേലിയയ്‌ക്കെതിരെയും ഒരിക്കല്‍ ആവര്‍ത്തിച്ചു.

ടെസ്റ്റിലും ഏകദിനത്തിലുമായി ഇരുപത്തി മൂന്നാം തവണയാണ് ലിറ്റില്‍ മാസ്റ്റര്‍ തൊണ്ണൂറുകളില്‍ പുറത്താകുന്നത്. സച്ചിനെ സെഞ്ച്വറിക്കടുത്തു വച്ചു പിടി കൂടുന്ന ഭൂതം മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ശ്രദ്ധയെ തെറ്റിക്കുന്നതിനാല്‍ പലപ്പോഴും നിസ്സാരമായ പന്തുകളിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍റെ പുറത്താകല്‍.

ഏകദിനത്തില്‍ പതിനാറ് തവണയും ടെസ്റ്റില്‍ എഴു തവണയും സച്ചിനെ സെഞ്ച്വറി വിരുദ്ധ ഭൂതം പിടി കൂടി. ഈ 23 തവണയും സെഞ്ച്വറി തികയ്‌ക്കാനായിരുന്നെങ്കില്‍ സച്ചിന്‍ ഒരു പക്ഷേ സെഞ്ച്വറികള്‍ കൊണ്ടു തന്നെ സെഞ്ച്വറികള്‍ തീര്‍ക്കുമായിരുന്നു. കാരണം 78 ശതകങ്ങള്‍ പേരിലുള്ള സച്ചിന്‍ 101 സെഞ്ച്വറികളാണ് തികയ്‌ക്കേണ്ടിയിരുന്നത്.

ഈ വര്‍ഷം ഏഴാം തവണ ഈ വിധത്തില്‍ പുറത്തായ സച്ചിന്‍ 90 ല്‍ എത്തുമ്പോള്‍ പ്രായാധിക്യം മൂലമുള്ള സമ്മര്‍ദ്ദങ്ങളില്‍ അടിപ്പെട്ടു പോകുന്നു എന്നു കരുതേണ്ടി വരും. അതേ സമയം ഇക്കാര്യം ചോദിച്ചാല്‍ ജയിച്ച മത്സരത്തില്‍ ഇതേക്കുറിച്ചു എന്തിനു ചിന്തിക്കുന്നു എന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മറു ചോദ്യം.

സച്ചിന്‍റെ പുറത്താകല്‍ ആഘോഷിച്ച മാധ്യമങ്ങള്‍ 10000 റണ്‍സും 100 വിക്കറ്റും തികച്ച ഗാംഗുലിയെയും 200 വിക്കറ്റ് തികച്ച സഹീറിനെയും വരെ മറന്നു പോയി എന്നതാണ് സത്യം. ഇക്കാര്യത്തില്‍ അച്ഛന് ഉപദേശം നല്‍കിയിരിക്കുകയാണ് സച്ചിന്‍റെ പുത്രന്‍. 94 ല്‍ എത്തുമ്പോള്‍ സിക്‍സറടിക്കുക. ആരാധകരാകട്ടെ തൊണ്ണൂറു ഭൂതത്തെ വിരട്ടാന്‍ ഈ ഉപായം ആലോചിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി.

Share this Story:

Follow Webdunia malayalam