കഴിഞ്ഞ ദിവസമാണ് ലണ്ടന്‍ നഗരത്തെ ഞെട്ടിച്ചുകൊണ്ട് ഒരുലക്ഷത്തിലധികം വരുന്ന ആള്‍ക്കാരുടെ കുടിയേറ്റ വിരുദ്ധ റാലി ബ്രിട്ടനില്‍ സംഘടിക്കപ്പെട്ടത്. തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ ടോമി റോബിന്‍സന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട റാലിയില്‍ കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം റാലിയുമായി ബന്ധപ്പെട്ടുണ്ടായ പശ്ചാത്തലത്തില്‍ 26 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും 25 പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ റാലിയില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ കിയര്‍ സ്റ്റാര്‍മര്‍.
ബ്രിട്ടണ്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ടതാണ്. രാജ്യത്തിന്റെ പതാക തന്നെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നു. ഭീകരതക്കും വിഭജനത്തിനും പ്രതീകമാകാന്‍ ശ്രമിക്കുന്നവര്‍ക്ക് രാജ്യത്തെ ഒരിക്കലും വിട്ട് നല്‍കില്ല. ജനങ്ങള്‍ക്ക് സമാധാനപരാായ പ്രതിഷേധത്തിന് അവകാശമുണ്ട്. എന്നാല്‍ ജോലിയിലിരിക്കുന്ന പോലീസിനെ അക്രമിക്കുന്നതിനെയോ മനുഷ്യരെ അവരുടെ നിറത്തിനും പശ്ചാത്തലത്തിനും അനുസരിച്ച് ഭീഷണിപ്പെടുത്തുന്നതിനെയോ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ സ്റ്റാര്‍മര്‍ കുറിച്ചു. അതേസമയം ബ്രിട്ടനിലെ നിയന്ത്രണമില്ലാത്ത കുടിയേറ്റം രാജ്യത്തെ നശിപ്പിക്കുകയാണെന്നും ഇടത് പക്ഷ രാഷ്ട്രീയം ബ്രിട്ടനെ നശിപ്പിക്കുകയാണെന്നും ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് പറഞ്ഞു.വീഡിയോ ലിങ്കിലൂടെയാണ് മസ്‌ക് ഇങ്ങനെ അഭിപ്രായപ്പെട്ടത്.