Donald Trump: 'ചൈന-റഷ്യ കൂട്ടുകെട്ടിനെ ഞങ്ങള്‍ എന്തിനു പേടിക്കണം'; വീരവാദം മുഴക്കി ട്രംപ്
അതേസമയം ചൈന-റഷ്യ കൂട്ടുകെട്ടിന്റെ നീക്കങ്ങളെ വാഷിങ്ടണ്‍ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
Donald Trump: ചൈന-റഷ്യ കൂട്ടുകെട്ട് യുഎസിനു ഭീഷണിയാകുമെന്ന ആശങ്കയില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ സൈന്യം തങ്ങളുടേതാണെന്നും അതുകൊണ്ട് ആരെയും പേടിയില്ലെന്നും ഒരു റേഡിയോ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
' നിലവില്‍ ഈ ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക സംവിധാനം ഉള്ളത് ഞങ്ങള്‍ക്കാണ്. അവര്‍ (ചൈന-റഷ്യ) ഞങ്ങള്‍ക്കെതിരെ ഒരിക്കലും സൈനിക നീക്കം നടത്താന്‍ സാധ്യതയില്ല. അങ്ങനെയൊരു നീക്കത്തിനു മുതിര്‍ന്നാല്‍ അതായിരിക്കും അവരുടെ ഏറ്റവും മോശം തീരുമാനം. ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് വിശ്വസിക്കാം,' ട്രംപ് പറഞ്ഞു.
അതേസമയം ചൈന-റഷ്യ കൂട്ടുകെട്ടിന്റെ നീക്കങ്ങളെ വാഷിങ്ടണ്‍ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയില്‍ നടക്കുന്ന ഷാങ്ഹായി ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും യുഎസിന്റെ തീരുവ നയത്തിനെതിരെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ത്യയെ ഒപ്പം കൂട്ടി യുഎസിനെതിരെ നീക്കങ്ങള്‍ നടത്താനാണ് റഷ്യയും ചൈനയും തീരുമാനിച്ചിരിക്കുന്നത്.