USA - Pakistan: ഇന്ത്യയെ തഴഞ്ഞ അമേരിക്ക പാകിസ്ഥാനുമായി കൂടുതലടുക്കുന്നു, പാക് സൈനിക മേധാവി വീണ്ടും അമേരിക്കയിലേക്ക്, 2 മാസത്തിനിടെ ഇത് രണ്ടാം തവണ
യു എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ യാത്രയയപ്പ് ചടങ്ങിനാണ് മുനീര്‍ എത്തുന്നത്.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മുകളിലുള്ള തീരുവ 50 ശതമാനമാക്കി ഉയര്‍ത്താന്‍ അമേരിക്ക തീരുമാനമെടുത്തതിന് പിന്നാലെ അമേരിക്കന്‍ സന്ദര്‍ശനത്തിനൊരുങ്ങി പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. ഈ മാസം അസിം മുനീര്‍ വീണ്ടും അമേരിക്കന്‍ സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് മാസത്തിനിടെ രണ്ടാം തവണയുള്ള അസിം മുനീറിന്റെ സന്ദര്‍ശനം പാക്- അമേരിക്ക ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണ്.
യു എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ യാത്രയയപ്പ് ചടങ്ങിനാണ് മുനീര്‍ എത്തുന്നത്. ഭീകരവാദ വിരുദ്ധ പോരാട്ടത്തില്‍ പാകിസ്ഥാന്‍ അസാധാരണമായ പങ്കാളിയാണെന്ന് വിശേഷിപ്പിച്ച സൈനിക ഓഫീസറായിരുന്നു കുറില്ല. മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചത് കുറില്ലയായിരുന്നു.
ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാന്‍ ഭീകരരാജ്യമാണെന്ന് സ്ഥാപിക്കാന്‍ ഇന്ത്യ തുടര്‍ച്ചയായി ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്‍ നിര്‍ണായകമാണെന്ന് അമേരിക്ക പറഞ്ഞുകൊണ്ടേ ഒരിക്കുന്നത്. ഇത് പാകിസ്ഥാനുമായി കൂടുതല്‍ അടുക്കുന്നതിന്റെ സൂചനയായാണ് വിശേഷിപ്പിക്കുന്നത്. ചൈനയുമായി ഏറ്റവും അടുത്ത് കിടക്കുന്ന പ്രദേശം എന്ന നിലയിലും പല ചൈനീസ് പ്രൊജക്ടുകള്‍ നടക്കുന്ന മേഖല എന്ന നിലയിലും പാകിസ്ഥാന്‍ അമേരിക്കയ്ക്ക് തന്ത്രപ്രധാനമായ മേഖലയാണ്. നേരത്തെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഡൊണാള്‍ഡ് ട്രംപ് അസിം മുനീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.