Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഷജലം ഒഴുകുന്ന, അപ്രതീക്ഷിതമായി ചൂട് കുത്തനെ ഉയരുന്ന വിചിത്ര ഗ്രഹം, അതാണ് നാസ പറഞ്ഞ ചൊവ്വ

വിഷജലം ഒഴുകുന്ന, അപ്രതീക്ഷിതമായി ചൂട് കുത്തനെ ഉയരുന്ന വിചിത്ര ഗ്രഹം, അതാണ് നാസ പറഞ്ഞ ചൊവ്വ
, വ്യാഴം, 1 ഒക്‌ടോബര്‍ 2015 (14:42 IST)
അറിയും തോറും കൂടുതല്‍ അത്ഭുതങ്ങള്‍ നല്‍കുന്ന രഹസ്യങ്ങള്‍ ഒളിച്ചിരിക്കുന്ന ഗ്രഹമാണ് നമ്മുറെ തൊട്ടയല്‍കാരനായ ചൊവ്വ. ശാസ്ത്രലോകത്തിന് പുത്തന്‍ പ്രതീക്ഷകളുടെ വെള്ളിവെളിച്ചം വീശുന്ന മാനവ ഭാവിയുടെ അതിജീവന ഗ്രഹമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചൊവ്വ ഒളിച്ച് വച്ചിരിക്കുന്നത രഹസ്യങ്ങളുടെ വലിയൊരു ചെപ്പുതന്നെയാണെന്നാണ് ബഹിരാകാശ ഗവേഷകര്‍ പറയുന്നത്.

അതിനിടെയാണ് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനം നാസ നടത്തിയിരിക്കുന്നത്. ചൊവ്വയില്‍ ജലമൊഴുകുന്ന അരുവികള്‍ അവര്‍ തെളിവു സഹിതം പുറത്തുവിട്ടു. എന്നാല്‍ ഇനിയുമുണ്ട് ഗവേഷക ലോകത്തിന് പറയാനേറെ. നാസ തന്നെ ആക്കാര്യം അന്വേഷണ കുതുകികള്‍ക്കായി പറഞ്ഞുനല്‍കിയിരിക്കുകയാണ്. റെഡിറ്റ് വെബ്സൈറ്റിന്റെ ചോദ്യോത്തര പരിപാടിയിൽ പൊതുജനങ്ങളുടെ സംശയങ്ങൾക്ക് നാസയിലെ ഗവേഷകര്‍ നല്‍കിയ ഉത്തരങ്ങള്‍ ചൊവ്വാ രഹസ്യങ്ങളുടെ താക്കോലാണെന്നാണ് പറപ്പെടുന്നത്. അത്തരം തിരഞ്ഞെടുത്ത ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് ചുവടെ.

എത്രത്തോളം വെള്ളമുണ്ട് ചൊവ്വയിൽ?

ചൊവ്വയുടെ ഉപരിതലത്തെ മൊത്തമായി ഒന്നു നനച്ചെടുക്കാനുള്ള വെള്ളമേ ഉള്ളൂ. വെള്ളം ഒഴുകിയതായി കണ്ടെത്തിയ താഴ്‌വാരങ്ങളിലെ ചാലുകൾക്ക് 4–5 മീറ്ററാണ് വീതി, നീളമാകട്ടെ 200–300 മീറ്ററും. ചൊവ്വയിലെ നീരൊഴുക്കിന്റെ സാന്നിധ്യം 2011ൽത്തന്നെ തിരിച്ചറിഞ്ഞതാണ്. അന്നത് കാലാവസ്ഥാ മാറുന്നതിനനുസരിച്ചുള്ള വെറും പ്രതിഭാസമാണെന്നേ കരുതിയുള്ളൂ. പക്ഷേ എംആർഒ (Mars Reconnaissance Orbiter) അയച്ചതോടെ ഇക്കാര്യമെല്ലാം കൃത്യമായി പരിശോധിക്കാനായി. ഈ പേടകം ദീർഘകാലം നിലനിൽക്കാൻ ശേഷിയുള്ളതിനാൽ ഒരു ചാന്ദ്രവർഷത്തിലും തൊട്ടടുത്ത വർഷവും ചില പ്രത്യേകയിടങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ തുടർച്ചയായി പരിശോധിക്കാൻ നാസയ്ക്ക് സാധിച്ചു. ചൂടുകാലത്ത് നീരൊഴുക്കിന് ശക്തി കൂടുന്നതായി കണ്ടെത്തി, മഞ്ഞുകാലത്ത് ഒഴുക്ക് കുറയുന്നതായും. ഇതാണ് സ്ഥായിയായ ജലസാന്നിധ്യമുണ്ടെന്ന പ്രസ്താവന നടത്താൻ നാസയ്ക്ക് സഹായകമായതും.

വെള്ളം കണ്ടെത്തിയതിനു ശേഷം അടുത്ത നീക്കം എന്ത്...?

എവിടെയാണ് ഈ നീരൊക്കിന്റെ ഉറവയെന്നത് കണ്ടെത്തുകയാണ് അടുത്തഘട്ടം. നിലവിൽ രണ്ട് സാധ്യതകളാണുള്ളത്: ഒന്നുകിൽ ചൊവ്വയിലെ അന്തരീക്ഷത്തിൽ നിന്ന് ഉപ്പുപാളികൾ വലിച്ചെടുക്കുന്നതായിരിക്കാം വെള്ളമായി മാറുന്നത്. അല്ലെങ്കിൽ ചൊവ്വയിലെ ഭൂഗർഭത്തിൽ ഉറവകൾ ഒളിച്ചിരിപ്പുണ്ടാകണം. എന്തായാലും നാസ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. നിലവിൽ ചൊവ്വയുടെ മൂന്നു ശതമാനം വരുന്ന ഭാഗത്തു നിന്നും ജലസാന്നിധ്യം സംബന്ധിച്ച തെളിമയുള്ള ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. അത് വ്യാപിക്കുന്നതിനനുസരിച്ച് ജലസത്യങ്ങളും പുറത്തു വന്നുകൊണ്ടേയിരിക്കും.

webdunia
കണ്ടെത്തിയത് ഉപ്പുവെള്ളമോ ?

ചൊവ്വയിൽ കണ്ടെത്തിയിരിക്കുന്ന ജലത്തിന് ഉപ്പുരസമാണ്. എന്നു കരുതി നാം ഉപയോഗിക്കുന്ന തരം ഉപ്പല്ല. പെർക്ലോറേറ്റ് ആണു സംഗതി. റോക്കറ്റിലെ പ്രൊപ്പല്ലന്റായി ഉപയോഗിക്കുന്നതാണിത്. മാത്രവുമല്ല മനുഷ്യശരീരത്തിന് ഹാനികരവുമാണ്, പ്രത്യേകിച്ച് തൈറൈയിഡ് ഗ്രന്ഥിക്ക്. ചൊവ്വയിലെ ഈ വെള്ളത്തിൽ എന്തെങ്കിലും നട്ടുവളർത്താനോ കുടിയ്ക്കാനോ പദ്ധതിയുണ്ടെങ്കിൽ ഈ വിഷപദാർഥം മാറ്റി ശുദ്ധീകരിച്ചെടുത്തേ മതിയാകൂ.

ജീവന്റെ സാന്നിധ്യം എങ്ങനെ കണ്ടെത്തും?

ജീവന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള ഉപകരണങ്ങളൊന്നും നിലവിൽ ചൊവ്വയിലേക്കയച്ച ക്യൂരിയോസിറ്റിയിൽ ഇല്ല. ദ്രാവകാവസ്ഥയിൽ അവിടെ ജലത്തിന്റെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് ഇതിന്റെ ചുമതല. മാത്രവുമല്ല ദിവസത്തിൽ എത്രനേരം അത് ദ്രാവകാവസ്ഥയിൽ തന്നെ നിലനിൽക്കുന്നുവെന്നും നോക്കണം.

വെള്ളം എങ്ങനെ സംഭരിക്കും?

3.711m/s ആണ് ചൊവ്വയിലെ ഗുരുത്വാകർഷണബലം. സ്വാഭാവികമായും വൻതോതിൽ വെള്ളം കൊണ്ടു പോയി ചൊവ്വയുടെ ഉപരിതലത്തിലൊഴിച്ചാൽ ഒന്നുകിൽ തണുത്തുറയും അല്ലെങ്കിൽ നീരാവിയായിപ്പോകും. (വെള്ളമൊഴിക്കുന്ന സമയവും ഇക്കാര്യത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്). പക്ഷേ നിലവിൽ കണ്ടെത്തിയിരിക്കുന്ന ഉപ്പുപ്രതലത്തിന് ഏറ്റവും താഴ്ന്ന താപനിലയിൽ പോലും ജലത്തെ ദ്രാവകരൂപത്തിൽ സൂക്ഷിക്കാൻ സാധിക്കും. ചൊവ്വയിലെ താപനില ദിവസവും 100 ഡിഗ്രി സെൽഷ്യസിനേക്കാളും ഏറെ വരെ ഉയരാറുണ്ടെന്നും ഓർക്കണം, അതും അപ്രതീക്ഷിതമായി.

പ്രതിസന്ധികളെ എന്താണ്?

കൊടും ചെരിവുകളുള്ള താഴ്‌വാരങ്ങളാണ് ചൊവ്വയിലുള്ളത്. നിലവിലെ പേടകങ്ങൾക്ക് അതിനു മുകളിലേക്ക് പിടിച്ചുകയറിച്ചെല്ലാനാകില്ല. മാത്രവുമല്ല ഭൂമിയിൽ നിന്ന് സ്റ്റെറിലൈസ് ചെയ്താണ് വിട്ടിരിക്കുന്നതെങ്കിലും റോവറിൽ ഇപ്പോഴും ഇവിടത്തെ സൂക്ഷ്മജീവികളുടെ സാന്നിധ്യമുണ്ട്. അതിനാൽത്തന്നെ വെള്ളമുള്ള ഭാഗങ്ങളിലേക്ക് ക്യൂരിയോസിറ്റിയെ വി‍ടാനാകില്ല. വിട്ടാൽ ആ വെള്ളത്തിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് എല്ലാം തകിടം മറിയും. സൂക്ഷ്മജീവികളൊന്നുമില്ലാത്ത പുതിയ റോവറിനേ ചൊവ്വയിൽ ജലപരിശോധന നടത്താനാകൂവെന്നു ചുരുക്കം.

രഹസ്യമാക്കി വയ്ക്കില്ല

ചൊവ്വയിൽ ജീവന്റെ സാന്നിധ്യം കണ്ടെത്തിയാൽ എത്രയും പെട്ടെന്ന് അക്കാര്യം ജനങ്ങളിലേക്കെത്തിക്കും. ജെറ്റ് പ്രൊപൽഷൻ ലാബറട്ടറിയിലെ ഏതെങ്കിലും മിഷനിലൂടെയാണ് ആ വിവരം ലഭിച്ചതെങ്കിൽ ആദ്യം ഇക്കാര്യം നാസ ആസ്ഥാനത്ത് അറിയിക്കും. പിറകെ അമേരിക്കൻ സർക്കാരിനെയും. ഒരു സംശയവും വേണ്ട, അടുത്തത് ജനങ്ങളിലേക്കാണ് ആ വാർത്തയെത്തുക.

ചൊവ്വയിൽ മഴ പെയ്തിട്ടുണ്ടാകണം

നിലവിലെ ‘ഹ്രോഡ്രോളജിക് സൈക്കിൾ’ പ്രകാരം ചൊവ്വയിൽ മഴ പെയ്യാൻ യാതൊരു സാധ്യതയുമില്ല. ഇവിടെ നീരാവി നേരിട്ട് മഞ്ഞുകട്ടയാകുന്നു അല്ലെങ്കിൽ മഞ്ഞുകട്ട നീരാവിയാകുന്നു എന്ന രീതിയിലാണ് കാര്യങ്ങൾ. ഇടയ്ക്ക് മഴ വരുന്നില്ല. പക്ഷേ പണ്ടെപ്പോഴൊക്കെയോ ചൊവ്വയിൽ മഴ പെയ്തിട്ടുണ്ടാകണം.

ശ്രമം എല്ലാം വെറുതെയാവില്ലേ?

കണ്ടെത്തിയത് ഉപ്പുവെള്ളമാണെങ്കിലും നാസയുടെ ശ്രമങ്ങളൊന്നും പാഴാവില്ല. ഏത് രൂപത്തിലാണെങ്കിലും ജലത്തിന്റെ സാന്നിധ്യമെന്നത് ജീവന്റെ അടയാളം തേടാനുള്ള ഏറ്റവും വലിയ പ്രോൽസാഹനമാണ്. മാത്രവുമല്ല, മനുഷ്യന്റെ ജീവൻ നിലനിർത്തുന്ന, ഭാവിയിൽ പ്രധാന ചർച്ചാവിഷയമാകുന്ന, ജലത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ഇത്തരം അറിവുകൾ പകരുന്ന സഹായം ചെറുതൊന്നുമല്ല.

ചൊവ്വയിൽ മനുഷ്യനിറങ്ങുമോ?

അടുത്ത വർഷം ഇൻസൈറ്റ് എന്ന പേടകത്തെ ചൊവ്വയിലേക്ക് അയക്കാനൊരുങ്ങുകയാണ് നാസ. ഭൂകമ്പം പോലെ ചൊവ്വയിലുണ്ടാകുന്ന വമ്പൻ ചലനങ്ങൾ പഠിക്കുകയാണിതിന്റെ ലക്ഷ്യം. കൂടുതൽ പരിശോധനകൾക്കായി 2020ഓടെ അയയ്ക്കാവുന്ന വിധം മറ്റൊരു പേടകവും തയാറാവുകയാണ്. ഇവയിൽ ദിവസം തോറും പുതിയ പരീക്ഷണ ഉപകരണങ്ങൾ ചേർക്കേണ്ട അവസ്ഥയാണ്. കാരണം അത്രമാത്രം പുത്തൻ വിവരങ്ങളാണ് ചൊവ്വയിൽ നിന്ന് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. 2030ഓടെ ചൊവ്വയുടെ അരികിൽ വരെ മനുഷ്യരെ എത്തിക്കാനാകും വിധമാണ് നാസയുടെ നീക്കങ്ങൾ. 2040 ആകും മുൻപേ ആദ്യമായി മനുഷ്യൻ ചൊവ്വയിലെത്തുമെന്നും പ്രതീക്ഷിക്കാം.

Share this Story:

Follow Webdunia malayalam