ഇൻ്റർനെറ്റ് അധാർമിക സേവനം,അഫ്ഗാനെ ബ്ലാക്കൗട്ടിലാക്കി താലിബാൻ, വിമാനസർവീസ് അടക്കം എല്ലാം താറുമാറായി
സദാചാര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ച് താലിബാന്‍ ഭരണകൂടം.
സദാചാര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ച് താലിബാന്‍ ഭരണകൂടം. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടു. 2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനില്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം ആദ്യമായാണ് അഫ്ഗാനിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടുന്നത്. ഇന്റര്‍നെറ്റ് ഉപയോഗം അധാര്‍മികമാണെന്ന് വ്യക്തമാക്കിയാണ് താലിബാന്‍ രാജ്യവ്യാപകമായി ഫൈബര്‍ ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ചത്.
താലിബാന്‍ നേതാവായ ഹിബത്തുള്ള അഖുന്ദ്‌സാദയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഉത്തരവിട്ടത്. തിങ്കളാഴ്ച മുതല്‍ രാജ്യത്തുടനീളം ഫൈബര്‍- ഒപ്റ്റിക് ഇന്റര്‍നെറ്റ് വിച്ഛേദിക്കുമെന്ന് അഫ്ഗാനിലെ സ്വകാര്യ ടെലിവിഷന്‍ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരവിറക്കിയതിന് പിന്നാലെ തിങ്കളാഴ്ച അഫ്ഗാനിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സാധാരണനിലയില്‍ നിന്നും 14 ശതമാനം താഴ്ന്നിരുന്നു. നടപടി പുറം ലോകവുമായി ബന്ധപ്പെടാനുള്ള പൊതുജനങ്ങളുടെ സാധ്യതയെ ഇല്ലാതെയാക്കുന്നതാണെന്ന് ഇന്റര്‍നെറ്റ് ലഭ്യതയ്ക്കായി വാദിക്കുന്ന നെറ്റ്‌ബ്ലോക്ക്‌സ് എന്ന സംഘടന അറിയിച്ചു.
അതേസമയം ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഷട്ട്ഡൗണ്‍ തുടരുമെന്നാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഘട്ടം ഘട്ടമായി രാജ്യത്തെ 8000 മുതല്‍ 9000 വരെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ പ്രവര്‍ത്തനരഹിതമാകും എന്നാണ് ഇയാള്‍ അറിയിച്ചത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടതോടെ അഫ്ഗാന്റെ ബാങ്കിംഗ് മേഖല, കസ്റ്റംസ്, വിമാന സര്‍വീസുകള്‍ എന്നിവയെല്ലാം പ്രതിസന്ധി നേരിടുകയാണ്. താലിബാന് മുന്‍പുണ്ടായിരുന്ന സര്‍ക്കാര്‍ യുഎസ് പിന്തുണയോടെ നിര്‍മിച്ച 9,350 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒപ്റ്റിക് ഫൈബര്‍ ശൃംഖലയാണ് രാജ്യത്തുള്ളത്.