സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് മാറുന്നതോടെ രാജസ്ഥാന്‍ നായകനാവേണ്ടത് യുവതാരമായ യശ്വസി ജയ്‌സ്വാളാണെന്ന് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര. സഞ്ജുവിന് പകരം ജഡേജയെ ടീമിലെത്തിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ജഡേജയ്ക്ക് നായകസ്ഥാനം വാഗ്ദാനം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ആകാശ് ചോപ്രയുടെ പ്രതികരണം.
ട്രേഡ് നടക്കുകയാണെങ്കില്‍ ടീമിന്റെ നായകസ്ഥാനം കൂടി വേണമെന്ന ക്ലോസ് ഉള്‍പ്പെടുത്താന്‍ ജഡേജയ്ക്ക് താല്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.എന്നാല്‍ ടീമിന്റെ ഭാവിയെ കൂടി കണക്കിലെടുത്ത യശ്വസി ജയ്‌സ്വാളിനാകണം രാജസ്ഥാന്‍ ആ സ്ഥാനം നല്‍കേണ്ടതെന്നാണ് ചോപ്ര പറയുന്നത്. ജയ്‌സ്വാളിന്റെ ആക്രമണോത്സുകത, ആത്മവിശ്വാസം, ടീമുമായുള്ള ബന്ധം എന്നിവയെല്ലാം അദ്ദേഹത്തെ നയിക്കാന്‍ പ്രാപ്തനാക്കുന്ന കാര്യങ്ങളാണ്. ജഡേജയുടെ പരിചയസമ്പത്ത് വലുതാണെങ്കിലും 23കാരനായ ജയ്‌സ്വാളിനെ നായകനാക്കുന്നതാണ് രാജാസ്ഥാന്റെ ദീര്‍ഘകാല പദ്ധതികള്‍ക്ക് മുതല്‍ക്കൂട്ടാവുകയെന്നും ആകാശ് ചോപ്ര പറയുന്നു.