രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനായി കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ നല്‍കിയാണ് ചെന്നൈ ഡീല്‍ സീല്‍ ചെയ്തത്. ഇതിനുള്ള സമ്മതപത്രത്തില്‍ താരങ്ങള്‍ ഒപ്പിട്ടു കഴിഞ്ഞു. ഇപ്പോഴിതാ രാജസ്ഥാനുമായുള്ള ഡീലിന് രവീന്ദ്ര ജഡേജ സമ്മതം മൂളിയത് രാജസ്ഥാന്‍ നല്‍കിയ ഒരൊറ്റ ഉറപ്പിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
സഞ്ജു ചെന്നൈയിലേക്കെത്തുമ്പോള്‍ ആരായിരിക്കും രാജസ്ഥാന്‍ നായകനെന്ന ചോദ്യം നിലവില്‍ അന്തരീക്ഷത്തിലുണ്ട്. കഴിഞ്ഞ സീസണില്‍ സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ പല മത്സരങ്ങളിലും നയിച്ചത്. സഞ്ജു പോകുന്നതോടെ ധ്രുവ് ജുറല്‍,യശ്വസി ജയ്‌സ്വാള്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും നായകസ്ഥാനം നല്‍കിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജസ്ഥാന്‍ രവീന്ദ്ര ജഡേജയ്ക്ക് നായകസ്ഥാനം വാഗ്ദാനം ചെയ്തതായാണ് സൂചന.
ചെന്നൈയില്‍ ഏറെക്കാലമായുള്ള ജഡേജ തന്റെ ആദ്യ ഫ്രാഞ്ചൈസിയായ രാജസ്ഥാനില്‍ തിരിച്ചെത്തിയത് നായകസ്ഥാനം നല്‍കാമെന്ന രാജസ്ഥാന്റെ ഉറപ്പിന്മേലാണെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഎല്ലില്‍ ചെന്നൈയെ നയിച്ചിട്ടുണ്ടെങ്കിലും സീസണില്‍ ഈ പരീക്ഷണം പാളിയതോടെ ചെന്നൈ നായകസ്ഥാനം എം എസ് ധോനി തന്നെ ഏറ്റെടുത്തിരുന്നു.