കഞ്ചാവ് വേട്ട: 3 കിലോ കഞ്ചാവുമായി പ്രതി പിടിയില്‍

ബുധന്‍, 15 ഏപ്രില്‍ 2015 (14:15 IST)
മൂന്നു കിലോ കഞ്ചാവുമായി മദ്ധ്യവയസ്കനെ ആറ്റിങ്ങല്‍ എക്സൈസ് സംഘം പിടികൂടി. ആറ്റിങ്ങല്‍ മേഖലയില്‍ വന്‍ തോതില്‍ കഞ്ചാവ് കച്ചവടം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ വ്യാപകമായ റെയ്ഡിലാണ്‌ കീഴാറ്റിങ്ങല്‍ കല്ലുമല കുന്ന് ചരുവിള വീട്ടില്‍ പൊടിയന്‍ എന്ന പ്രസന്നനെ (52) എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ എ.എസ്.ബിനുവും സംഘവും വലയിലാക്കിയത്. 
 
ഇയാളുടെ കൂട്ടുകച്ചവടക്കാരനായ മുരുക്കുമ്പുഴ മുണ്ടയ്ക്കല്‍ ഹരിജന്‍ കോളജി സുനി എന്ന 38 കാരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് ആലങ്കോട് തൊപ്പിച്ചന്തയില്‍ വീടു വാടകയ്ക്കെടുത്തായിരുന്നു മൊത്തക്കച്ചവടം നടത്തിവന്നത്. 
 
ആറ്റിങ്ങല്‍ മേഖലയിലെ സ്കൂള്‍, കോളേജുകള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്ക് കഞ്ചാവെത്തിക്കുന്ന ചെറുകിട കച്ചവടക്കാരാണ്‌ ഇവരുടെ ഇടപാടുകാര്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
 

വെബ്ദുനിയ വായിക്കുക