Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനോളം വരുമോ വെറുമൊരു നഴ്‌സ്? കോടതി ശിക്ഷിക്കുന്നത് വരെ അദ്ദേഹം നിരപരാധി ആണ് : സക്കറിയ

ദിലീപ് നിരപരാധി? കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു?!

ദിലീപിനോളം വരുമോ വെറുമൊരു നഴ്‌സ്? കോടതി ശിക്ഷിക്കുന്നത് വരെ അദ്ദേഹം നിരപരാധി ആണ് : സക്കറിയ
, ബുധന്‍, 19 ജൂലൈ 2017 (07:40 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം ദിനം‌പ്രതി വര്‍ദ്ധിക്കുന്നു. ദിലീപ് നിരപരാധി ആണെന്ന് പറഞ്ഞ് എഴുത്തുകാരന്‍ സക്കറിയ നേരത്തേ രംഗത്തെത്തിയിരുന്നു. താന്‍ വീണ്ടും ദിലീപിനൊപ്പം തന്നെയെന്ന് വ്യക്തമാക്കുകയാണ് സക്കറിയ വീണ്ടും. ദിലീപിനെ അനുകൂലിക്കുന്നവരുടെ എണ്ണത്തിലെ വര്‍ധനവ്‌ അക്ഷരാര്‍ത്ഥത്തില്‍ പൊലീസിനെ കുഴപ്പിക്കുമോ എന്നൊരു സംശയവും നിലനില്‍ക്കുന്നുണ്ട്.
 
ഒരു ജനാധിപത്യത്തില്‍ ഒരു പൗരനെ കുറ്റവാളി എന്ന് വിധിക്കേണ്ടത് മാധ്യമങ്ങളോ പൊതുജനമോ അല്ല കോടതിയാണെന്ന് സക്കറിയ ഫേസ്ബുക്കില്‍ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ കാര്യത്തില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കും വരെ അദ്ദേഹം നിരപരാധിയാണെന്ന തന്റെ വാദത്തെ എതിര്‍ത്തവരാണ് കൂടുതലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. പോലീസിന്റെ ജോലി കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുക എന്നതാണ്. കോടതി ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നത് വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ്. ജനാധിപത്യ തത്വങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇത് മാത്രമാണ് വാസ്തവമെന്നും അദ്ദേഹം പറയുന്നു. ദിലീപിന്‍റെ അറസ്റ്റും അതിനെ തുടര്‍ന്നുളള മാധ്യമചര്‍ച്ചകളുമായി ബന്ധപ്പെട്ട് സക്കറിയ നേരത്തെയും ഫെയ്സ്ബുക്ക് സ്റ്റാറ്റസിട്ടിരുന്നു.
 
സക്കറിയയുടെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിന്റെ പൂര്‍ണരൂപം:
 
സുഹൃത്തുക്കളെ, മറ്റേതു പൗരന്റെ കാര്യത്തിലുമെന്നപോലെ നടന്‍ ദിലീപിന്റെ കാര്യത്തിലും കോടതി തീര്‍പ്പു കല്പിക്കും വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ് എന്ന സാര്‍വലൗകിക തത്വം ബാധകമാണ് എന്ന് ഞാന്‍ അഭിപ്രായപെട്ടതിനെ എതിര്‍ത്തവരും അനുകൂലിച്ചവരും ഉണ്ട്. എതിര്‍ത്തവരാണ് കൂടുതല്‍. ജനാധിപത്യ തത്വങ്ങളെ മറക്കുന്ന മലയാളികളുടെ എണ്ണം ഒരു പക്ഷെ വര്‍ധിക്കുകയായിരിക്കാം. അതുപോലെ തന്നെ മാധ്യമങ്ങളുടെ മസ്തിഷ്‌ക പ്രക്ഷാളനത്തിനു അന്ധമായി അടിമകളാവുന്നവരുടെയും.
 
ചാരവൃത്തിക്കേസിലും സോളാര്‍ കേസിലും - മറ്റു പല സംഭവങ്ങളിലും - മാധ്യമങ്ങള്‍ അഴിച്ചുവിട്ട കൂട്ട മദമിളകലുകളെ ഇത് ഓര്‍മിപ്പിക്കുന്നു. സരിതയുടെ പൗരാവകാശങ്ങളെ പറ്റി ഞാന്‍ അന്ന് എഴുതുമ്പോള്‍ ഭൂരിപക്ഷം സ്ത്രീവേദികളും എത്ര അഗാധമായ മൗനത്തിലായിരുന്നു എന്നത് ഒരു ചെറു പുഞ്ചിരിക്ക് വക തരിക മാത്രം ചെയ്യുന്നു. ദിലീപിന്റെ വൃത്താന്തങ്ങള്‍ നാട് വാഴുമ്പോള്‍ ജനസേവകരായ നഴ്സുമാരുടെ അവകാശസമരം എത്ര സമര്‍ത്ഥമായിട്ടാണ് ഒറ്റപ്പെടുത്തപ്പെടുന്നത് എന്ന് കാണുക. ദിലീപിനോളം വരുമോ വെറുമൊരു നഴ്‌സ്.
 
ഞാന്‍ ആവര്‍ത്തിക്കട്ടെ. ഒരു ജനാധിപത്യത്തില്‍ ഒരു പൗരനെ കുറ്റവാളി എന്ന് വിധിക്കേണ്ടത് മാധ്യമങ്ങളോ പൊതുജനമോ അല്ല കോടതിയാണ്. അല്ലെങ്കില്‍ ഗോ രക്ഷകര്‍ നടത്തുന്ന അടിച്ചു കൊല്ലലുകള്‍ക്കെന്തു പ്രശ്‌നം? പോലീസിന്റെ ജോലി കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുക എന്നതാണ്. കോടതി ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നത് വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ്. ജനാധിപത്യ തത്വങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇത് മാത്രമാണ് വാസ്തവം - കൂട്ടഭ്രാന്തുകള്‍ ഇളകുമ്പോളും.
 
നടന്‍ ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നവര്‍ അപ്രകാരം ചെയ്യുന്നത് വ്യക്തമായ തെളിവില്ലാതെ ആയിരിക്കാന്‍ വഴിയില്ല. അവര്‍ക്കു സമൂഹത്തിനു വേണ്ടി ഒരു നല്ല കാര്യം ചെയ്യാവുന്നതാണ്. ആ തെളിവുകള്‍ പോലീസിനെ ഏല്‍പ്പിക്കുക. ദിലീപിനെ എത്രയും വേഗം പ്രോസിക്യൂട് ചെയ്യാനും ശിക്ഷിക്കാനും അത് സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് വിഷയം: പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന് മന്ത്രി സുനിൽകുമാർ