അര്‍ജന്റീന ഫുട്‌ബോള്‍ ടീം സൗഹൃദമത്സരത്തിനായി കേരളത്തില്‍ അടുത്തവര്‍ഷം മാര്‍ച്ചില്‍ എത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹ്‌മാന്‍. 2 ദിവസം മുന്‍പ് ഇത് സംബന്ധിച്ച അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മെയില്‍ വന്നിരുന്നെന്നും മാര്‍ച്ചില്‍ വരുമെന്ന് ഉറപ്പ് ലഭിച്ചതായും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച പ്രഖ്യാപനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഉടന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
മാര്‍ച്ചില്‍ നിര്‍ബന്ധമായും വരുമെന്നറിയിച്ച് 2 ദിവസം മുന്‍പെ മെയില്‍ വന്നിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് അവര്‍ അറിയിച്ചത്. നേരത്തെ ഒക്ടോബറില്‍ വരുമെന്നും പിന്നീട് നവംബറില്‍ വരുമെന്നുമായിരുന്നു പ്രഖ്യാപനം. കേരളത്തിലെ സ്റ്റേഡിയമടക്കമുള്ള പ്രശ്‌നങ്ങള്‍ കാരണമായി കാണിച്ചാണ് നവംബര്‍ വിന്‍ഡോയില്‍ എത്തില്ലെന്ന് അറിയിച്ചത്. അടൂത്ത വിന്‍ഡോയായ മാര്‍ച്ചില്‍ അര്‍ജന്റീന വരും. മന്ത്രി വ്യക്തമാക്കി.
അതേസമയം ഗോട്ട് ടൂര്‍ 2025ന്റെ ഭാഗമായി മെസ്സി ഡിസംബറില്‍ ഇന്ത്യയിലെത്തും. റോഡ്രിഗോ ഡി പോള്‍, യുറുഗ്വായ് താരം ലൂയിസ് സുവാരസ് എന്നിവരും താരത്തിനൊപ്പമുണ്ടാകും. ഇന്ത്യയില്‍ ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിബിടങ്ങളിലെ വിവിധ പരിപാടികളില്‍ മെസ്സി പങ്കെടുക്കും. ഡിസംബര്‍ 12 മുതല്‍ 15 വരെയാണ് പരിപാടി.