തദ്ദേശ തിരഞ്ഞെടുപ്പ്: മത്സരിക്കാത്തത് വിവാദങ്ങള്‍ ഭയന്നല്ലെന്ന് ആര്യ രാജേന്ദ്രന്‍
മത്സരിക്കേണ്ട എന്ന് തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് അവസരം ഉണ്ടെന്നും ആര്യ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് വിവാദങ്ങള്‍ ഭയന്നല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. മത്സരിക്കേണ്ട എന്ന് തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് അവസരം ഉണ്ടെന്നും ആര്യ പറഞ്ഞു. ഒരാള്‍ക്ക് മാത്രം എപ്പോഴും അവസരം കിട്ടിയാല്‍ പോരല്ലോ, പാര്‍ട്ടി തന്ന പദവിയില്‍ ഉയര്‍ന്നു പ്രവര്‍ത്തിച്ചു എന്നാണ് വിശ്വാസമെന്നും ആര്യ പറഞ്ഞു.
വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായാല്‍ അവിടെ മാത്രമായി ചുരുങ്ങിപ്പോകുമെന്നും നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന് പറയാന്‍ കഴിയില്ലെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. പിന്‍ സീറ്റ് ഡ്രൈവിംഗ് ആരോപണം സ്ത്രീകളെ അംഗീകരിക്കാത്തവരുടേതാണെന്നും ധിക്കാരി എന്ന് വിളിക്കുന്നത് സ്ത്രീ ആയതുകൊണ്ടാണെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍. രാവിലെ 11 മുതല്‍ പത്രിക നല്‍കാം. ഈ മാസം 21 ആണ് നാമനിര്‍ദേശ പത്രിക നല്‍കാനുളള അവസാന തീയതി. സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ നിര്‍ദേശകന്‍ വഴിയോ പത്രിക നല്‍കാം. വരണാധികാരിയുടെ ഓഫീസില്‍ സ്ഥാനാര്‍ത്ഥിയടക്കം അഞ്ച് പേര്‍ക്ക് മാത്രമാണ് പ്രവേശനം.