ഭൂമി ഏറ്റെടുക്കലിനു നഷ്ടപരിഹാരം നൽകിയില്ല: കളക്ടറുടെ വാഹനം ജപ്തി ചെയ്തു
കൊല്ലം അഡീഷണൽ സബ് കോടതി ജഡ്‌ജി അരുൺ എം. കുരുവിളയുടെ ഉത്തരവ് പ്രകാരം ജപ്തി നടപടി പൂർത്തിയാക്കിയത്.
കൊല്ലം : സർക്കാർ ആവശ്യത്തിൽ ഭൂമി ഏറ്റെടുത്ത വകയിൽ നൽകേണ്ട നഷ്ടപരിഹാരത്തുക നൽകാൻ വൈകിയതിനെ തുടർന്ന് ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്‌ത് കോടതി നടപടി. നാഷണൽ ഹൈവേ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് കൊല്ലം ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാൻ കൊല്ലം അഡീഷണൽ സബ് കോടതി ജഡ്‌ജി അരുൺ എം. കുരുവിളയുടെ ഉത്തരവ് പ്രകാരം ജപ്തി നടപടി പൂർത്തിയാക്കിയത്.
കൊല്ലം ശക്തികുളങ്ങര മീനത്തുചേരിയിൽ പ്രിയയ്ക്ക് നൽകാനുണ്ടായിരുന്ന 2,74,000 രൂപയും അതിന്റെ പലിശയും ചേർത്ത് ഈടാക്കുന്നതിന് വേണ്ടിയാണ് കോടതി കളക്ടറുടെ വാഹനം ജപ്തി ചെയ്യാൻ ഉത്തരവിട്ടത്. സർക്കാർ ഭൂമി ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാരത്തുക കാലതാമസം കൂടാതെ നൽകുന്നതിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ചയുണ്ടായതിനെ തുടർന്നാണ് കോടതിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു അസാധാരണ നടപടിയുണ്ടായത്.