വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
" അതിദാരിദ്ര്യം ഇല്ലാത്ത നാടായി ലോകത്തിനു മുന്നില്‍ നാം ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്,"
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന വിപുലമായ പരിപാടിയില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി മുഖ്യാതിഥിയായി സാന്നിധ്യമറിയിച്ചു. അസുഖം മാറി കേരളത്തില്‍ തിരിച്ചെത്തിയ ശേഷം മമ്മൂട്ടി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി കൂടിയാണിത്.
'കേരളത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് തുറന്നിരിക്കുന്നത്. അതിദാരിദ്ര്യം ഇല്ലാത്ത നാടായി ലോകത്തിനു മുന്നില്‍ നാം ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇത് പുതിയൊരു കേരളത്തിന്റെ ഉദയമാണ്. നമ്മുടെ സങ്കല്‍പ്പത്തിലുള്ള, നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണ് ഇത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഈ ലക്ഷ്യത്തിനായി അക്ഷീണം പ്രയത്‌നിച്ചത്. എല്ലാവരും ഒന്നിച്ചുനിന്നു. ആരും ഇതില്‍ നിന്ന് മാറിനിന്നില്ല. എല്ലാവരും പൂര്‍ണ മനസോടെ സഹകരിച്ചു. പലവിധ ക്ലേശങ്ങള്‍ താണ്ടിയാണ് ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്,' പിണറായി വിജയന്‍ പറഞ്ഞു.
2021 ല്‍ അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം. 2026 ല്‍ സര്‍ക്കാരിന്റെ കാലാവധി തീരുമ്പോഴേക്കും പ്രഖ്യാപനം നടത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. സര്‍വേയിലൂടെ 64,006 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഇതില്‍ 4421 കുടുംബങ്ങള്‍ (ഭൂരിപക്ഷവും ഏകാംഗ കുടുംബങ്ങള്‍) മരിച്ചു. നാടോടികളായി കഴിയുന്ന 261 കുടുംബങ്ങളെ കണ്ടെത്താനായില്ല. ഇരട്ടിപ്പുവന്ന 47 കേസുകളുണ്ട്. ഇവയെല്ലാം ഒഴിവാക്കി ബാക്കി 59,277 കുടുംബങ്ങളാണ് ഒടുവില്‍ അതിദരിദ്രരുടെ പട്ടികയില്‍ ഉണ്ടായിരുന്നത്.