ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച് രാഹുല്‍ ഈശ്വര്‍; ഭക്ഷണം ഇല്ല, വെള്ളം കുടിക്കുന്നു
14 ദിവസത്തേക്കാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്
സൈബര്‍ അധിക്ഷേപ കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരം ആരംഭിച്ചു. ഇന്നലെ രാത്രി മുതല്‍ രാഹുല്‍ ഭക്ഷണം കഴിക്കുന്നില്ല. വെള്ളം മാത്രം മതിയെന്നാണ് രാഹുല്‍ പൊലീസിനോടു പറഞ്ഞത്. എല്ലാ പുരുഷന്‍മാര്‍ക്കും വേണ്ടിയാണ് തന്റെ നിരാഹാര സമരമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
14 ദിവസത്തേക്കാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്. ഇന്നലെ തിരുവനന്തപുരം എസിജെഎം കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തിരുവനന്തപുരം ജില്ലാ ജയിലിലെ ബി ബ്ലോക്കിലാണ് രാഹുലിനെ പാര്‍പ്പിച്ചിരിക്കുന്നത്. അതേസമയം രാഹുല്‍ ഈശ്വര്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് അതിജീവിതയെ അധിക്ഷേപിക്കുന്ന രീതിയിലാണ് രാഹുല്‍ ഈശ്വര്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വാദിച്ചത്. രാഹുലിന്റെ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.