രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി ബുധനാഴ്ച വിധി പറയും. രാഹുലിന്റെ പേരിലുള്ള രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേട്ടു. കേസിന്റെ ഉത്തരവ് വരുന്നത് വരെ അറസ്റ്റ് തടയണമെന്ന രാഹുലിന്റെ അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചില്ല. എന്നാല്‍ ജാമ്യാപേക്ഷയില്‍ ഉത്തരവുണ്ടാകുന്നത് വരെ നിര്‍ബന്ധിത നിയമനടപടികള്‍ പാടില്ലെന്ന് കോടതി പറഞ്ഞു. ഇതോടെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കില്ലെന്ന് ഉറപ്പായി.
നേരത്തെ ആദ്യ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസില്‍ പോലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു. കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പരാതിക്കാരിയുടെ മൊഴി ഉള്‍പ്പടെയുള്ള പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. രാഹുല്‍ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നും ശാരീരികമായി പരിക്കേല്‍പ്പിച്ചെന്നും പരാതിക്കാരി മൊഴിയില്‍ പറയുന്നു.