നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍: കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം
വരണാധികാരിയുടെ ഓഫീസില്‍ സ്ഥാനാര്‍ത്ഥിയടക്കം അഞ്ച് പേര്‍ക്ക് മാത്രമാണ് പ്രവേശനം.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍. രാവിലെ 11 മുതല്‍ പത്രിക നല്‍കാം. ഈ മാസം 21 ആണ് നാമനിര്‍ദേശ പത്രിക നല്‍കാനുളള അവസാന തീയതി. സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ നിര്‍ദേശകന്‍ വഴിയോ പത്രിക നല്‍കാം. വരണാധികാരിയുടെ ഓഫീസില്‍ സ്ഥാനാര്‍ത്ഥിയടക്കം അഞ്ച് പേര്‍ക്ക് മാത്രമാണ് പ്രവേശനം.
സൂക്ഷ്മ പരിശോധന ഈ മാസം ഇരുപത്തി രണ്ടിന് നടക്കും. നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന വേളയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്നുറപ്പ് വരുത്താന്‍ കമ്മീഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും വരണാധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി.
നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കുന്ന സമയത്ത് ഒരു സ്ഥാനാര്‍ത്ഥിക്ക് വരണാധികാരിയുടെ / ഉപവരണാധികാരിയുടെ ഓഫീസ് പരിസരത്ത് നിന്നും 100 മീറ്ററിനകത്ത് മൂന്ന് വാഹനം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ വരണാധികാരിയുടെ/ ഉപവരണാധികാരിയുടെ ഓഫീസിനുള്ളില്‍ സ്ഥാനാര്‍ത്ഥിയടക്കം 5 പേര്‍ മാത്രമേ പ്രവേശിക്കാവൂ.