നടന്‍ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്
പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.
നടന്‍ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷം ഉണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.
സര്‍ക്കാര്‍ അപ്പീല്‍ പോവുകയാണല്ലോ, സര്‍ക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ, ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം തനിക്കെതിരായ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റമുക്തമാക്കിയതിന് പിന്നാലെയാണ് ദിലീപ് നിയമ നടപടിക്കൊരുങ്ങുന്നത്. അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ദിലീപിന്റെ വാദം.
ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്ന് ദിലീപ് പറയുന്നു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് സമ്പൂര്‍ണ്ണ നീതി ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎല്‍എ പ്രതികരിച്ചു. ദിലീപിന്റേത് വളച്ചൊടിക്കലാണ്. ഇതുവരെ പറയാത്ത വാദങ്ങളാണ് ദിലീപ് ഇപ്പോള്‍ പറയുന്നതെന്നും വിഷയം വഴി തിരിച്ചുവിടാനുള്ള നീക്കമാണെന്നും അവര്‍ പറഞ്ഞു.