Bihar Election Result 2025: കൈയൊടിഞ്ഞ കോൺഗ്രസ്, തേജസ്വിയുടെ ആർജെഡിക്കും തിരിച്ചടി, ബിഹാറിൽ നിതീഷ് കുമാർ തരംഗം
കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയ കക്ഷികള്‍ അണിനിരന്ന മഹാസഖ്യത്തിന്റെ ഏകോപനത്തിലെ കുറവുകളും തിരിച്ചടിയായി. 2020ല്‍ 75 സീറ്റുകള്‍ നേടിയ ആര്‍ജെഡിക്ക് 27 സീറ്റുകള്‍ മാത്രമാണ് ഇത്തവണ നേടാനായത്.
2020ല്‍ ചെറിയ മാര്‍ജിനില്‍ നഷ്ടമായ ഭരണം തിരിച്ചുപിടിക്കാമെന്ന മഹാസഖ്യത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞ് ബിഹാറില്‍ നിതീഷ് കുമാര്‍ അനുകൂല തരംഗം. തൊഴിലില്ലായ്മയും പിന്നോക്കാവസ്ഥയും സജീവ ചര്‍ച്ചയാക്കി മാറ്റി യുവാക്കള്‍ക്കിടയില്‍ സ്വാധീനം സൃഷ്ടിക്കാനായെങ്കിലും അതൊന്നും തന്നെ വോട്ടാക്കി മാറ്റാന്‍ തേജസ്വിക്ക് സാധിച്ചില്ല.
അതേസമയം തിരെഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകള്‍ക്കായി ക്യാഷ് ബെനഫിറ്റ് പ്രോഗ്രാം വഴി 10,000 രൂപ വീതം 12 ലക്ഷത്തോളം സ്ത്രീകളില്‍ എത്തിക്കാന്‍ എന്‍ഡിഎ ഭരണപക്ഷത്തിന് സാധിച്ചിരുന്നു. ഇതെല്ലാം കൃത്യമായി വോട്ടിങ്ങില്‍ പ്രതിഫലിച്ചെന്ന് വേണം മനസിലാക്കാന്‍. അതേസമയം കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയ കക്ഷികള്‍ അണിനിരന്ന മഹാസഖ്യത്തിന്റെ ഏകോപനത്തിലെ കുറവുകളും തിരിച്ചടിയായി. 2020ല്‍ 75 സീറ്റുകള്‍ നേടിയ ആര്‍ജെഡിക്ക് 27 സീറ്റുകള്‍ മാത്രമാണ് ഇത്തവണ നേടാനായത്. കഴിഞ്ഞ തവണ 19 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് നേടാനായത് വെറും 4 സീറ്റുകള്‍ മാത്രം.
അതേസമയം എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെഡിയു 79 സീറ്റുകളാണ് ഇത്തവണ നേടിയത്. 2020ല്‍ ഇത് 43 സീറ്റുകളായിരുന്നു. കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ 74 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ അത് 91 സീറ്റായി ഉയര്‍ത്തി. 2020ല്‍ മഹാസഖ്യത്തിന് 15 സീറ്റുകളുടെ വ്യത്യാസത്തിലാണ് ഭരണം നഷ്ടമായത്. ഇത്തവണ പക്ഷേ അതിന്റെ അടുത്തെങ്ങുമെത്താന്‍ സാധിച്ചില്ല.