ദില്ലി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി; യുഎപിഎ വകുപ്പുകള്‍ ചുമത്തി കേസ്
വൈകുന്നേരം 6.52 ആണ് സ്‌ഫോടനം ഉണ്ടായത്.
ദില്ലി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. യുഎപിഎ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഹരിയാന രജിസ്‌ട്രേഷനില്‍ ഉള്ള ഐ 20 കാര്‍ ആണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന്‍ റോഡിലാണ് സ്‌ഫോടനം ഉണ്ടായത്. വൈകുന്നേരം 6.52 ആണ് സ്‌ഫോടനം ഉണ്ടായത്.
വാഹനത്തില്‍ ഒന്നിലധികം ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്ന എട്ടുകാറുകളും ഇലക്ട്രിക് ഓട്ടോറിക്ഷകളും പൊട്ടിത്തെറിച്ചു. കാല്‍നടയാത്രക്കാര്‍ അടക്കമുള്ളവര്‍ മരണപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
സ്‌ഫോടനത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മെട്രോ സ്റ്റേഷന് സമീപത്ത് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 2 കാറുകള്‍ ഒരേ സമയം പൊട്ടിത്തെറിക്കുകയും ഇതിന് പിന്നാലെ മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയുമായിരുന്നു.