ദില്ലി സ്‌ഫോടനം: കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദ്, ഫരീദാബാദ് ഭീകര സംഘത്തിലെ പോലീസ് തിരയുന്ന വ്യക്തി
ദില്ലി പോലീസ് ആണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
ദില്ലി സ്‌ഫോടനത്തില്‍ കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദ്. ഫരീദാബാദ് ഭീകര സംഘത്തിലെ പോലീസ് തിരയുന്ന വ്യക്തിയാണ് ഇയാള്‍. ദില്ലി പോലീസ് ആണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. കാറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോ എന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. കറുത്ത മാസ്‌ക് ഇട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാറുമായി പുറത്തേക്ക് ഇറങ്ങുന്ന ദൃശ്യം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
അതേസമയം ദില്ലി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. യുഎപിഎ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഹരിയാന രജിസ്‌ട്രേഷനില്‍ ഉള്ള ഐ 20 കാര്‍ ആണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന്‍ റോഡിലാണ് സ്‌ഫോടനം ഉണ്ടായത്. വൈകുന്നേരം 6.52 ആണ് സ്‌ഫോടനം ഉണ്ടായത്.
വാഹനത്തില്‍ ഒന്നിലധികം ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്ന എട്ടുകാറുകളും ഇലക്ട്രിക് ഓട്ടോറിക്ഷകളും പൊട്ടിത്തെറിച്ചു. കാല്‍നടയാത്രക്കാര്‍ അടക്കമുള്ളവര്‍ മരണപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.