മകന് ബീജത്തിന്‍റെ എണ്ണം കുറവ്; മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാല്‍സംഗം ചെയ്ത് ഭര്‍തൃപിതാവ്, കൂട്ടുനിന്ന് ഭർത്താവ്
ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.
മകന് ബീജത്തിന്‍റെ എണ്ണം കുറവായതിനാല്‍ മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാല്‍സംഗം ചെയ്ത് ഭര്‍തൃപിതാവ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഭര്‍തൃപിതാവിനെ കൂടാതെ ഭര്‍ത്താവിന്‍റെ സഹോദരീ ഭര്‍ത്താവും യുവതിയെ ബലാത്സംഗം ചെയ്തതായി റിപ്പോർട്ടുണ്ട്. ഭര്‍ത്താവിന്‍റെ ഒത്താശയോടെയാണ് ഈ ക്രൂരകൃത്യം. ക്രൂര പീഡനത്തിനിരയായ യുവതി പോലീസ് പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
2024 ഫെബ്രുവരിയിലായിരുന്നു യുവതിയുടെ വിവാഹം. നാല്‍പതിനോടടുത്തപ്പോഴായിരുന്നു വിവാഹം. അതിനാല്‍ തന്നെ ഗര്‍ഭിണികാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഭർതൃവീട്ടുകാർ സംശയം പ്രകടിപ്പിച്ചു. നിർബന്ധപൂർവ്വം ഇവർ പരിശോധന നടത്താൻ ആവശ്യപ്പെട്ടു. വൈദ്യപരിശോധനയില്‍ യുവതി ആരോഗ്യവതിയാണെന്ന് കണ്ടെത്തി. എന്നാൽ, ഭര്‍ത്താവിന് കുഴപ്പങ്ങളുണ്ടെന്നായിരുന്നു റിസൾട്ട്.
ഭര്‍ത്താവിന്‍റെ ബീജസംഖ്യ കുറവായതിനാല്‍ ഗര്‍ഭിണിയാകാന്‍ കഴിയില്ലെന്നും ഡോക്ടർ സ്ഥിരീകരിച്ചു. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ നടത്തിയെങ്കിലും അതും വിജയിച്ചില്ല. തുടര്‍ന്ന് വീണ്ടും ചികിത്സ നടത്താം എന്ന് ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് സമ്മതം നൽകിയില്ല. ഇനി ചികിത്സ വേണ്ടെന്നും ഒരു കുട്ടിയെ ദത്തെടുക്കാമെന്നും യുവതി നിർദേശിച്ചു.
എന്നാല്‍ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനോട് ഭർതൃവീട്ടുകാർക്ക് യോജിക്കാനായില്ല. തുടര്‍ന്നാണ് 2024 ജൂലൈയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭര്‍ത്താവിന്‍റെ പിതാവ് യുവതിയെ ബലാല്‍സംഘം ചെയ്യുന്നത്. നിലവിളിച്ചപ്പോൾ ഇയാൾ യുവതിയെ മർദ്ദിക്കുകയും ചെയ്തു. പീഡനത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞപ്പോൾ, തനിക്ക് ഒരു കുട്ടിയെ വേണമെന്നും അതിനാല്‍ ഇക്കാര്യം പുറത്തുപറയരുതെന്നും ഭർത്താവ് ആവശ്യപ്പെട്ടു. പുറത്തുപറഞ്ഞാൽ നഗ്നചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്നും ഭർത്താവ് ഭീഷണിപ്പെടുത്തി.
ഭർത്താവിന്റെ അനുവാദത്തോടെ തന്‍റെ ഭർതൃപിതാവ് പലതവണ തന്നെ ബലാത്സംഗം ചെയ്തെന്നും എന്നാല്‍ താന്‍ ഗർഭിണിയായില്ലെന്നും യുവതി പറഞ്ഞു. തുടര്‍ന്നാണ് 2024 ഡിസംബറിൽ ഭര്‍ത്താവിന്‍റെ സഹോദരീ ഭര്‍ത്താവ് യുവതിയെ ബലാത്സംഗം ചെയ്യുന്നത്. ഇയാളും പലതവണ തന്നെ ബലാല്‍സംഘത്തിനിരയാക്കിയതായി യുവതി പറയുന്നു. പിന്നാലെ ജൂണിൽ പരാതിക്കാരി ഗർഭിണിയായി. എന്നാൽ, ജൂലൈയിൽ ഈ ഗർഭം നഷ്ടപ്പെട്ടു. പിന്നാലെയാണ് യുവതി പൊലീസിനെ സമീപിക്കുന്നത്.