Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹുഡ്‌ഹുഡ് നാളെയെത്തും, നേരിടാന്‍ നടപടികള്‍ തുടങ്ങി

ഹുഡ്‌ഹുഡ് നാളെയെത്തും, നേരിടാന്‍ നടപടികള്‍ തുടങ്ങി
ഭൂവനേശ്വര്‍/ഹൈദരാബാദ്. , ശനി, 11 ഒക്‌ടോബര്‍ 2014 (08:20 IST)
ഹുഡ്‌ഹുഡ് ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡീഷയിലും ആന്ധ്രപ്രദേശിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. നാളെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറുമെന്ന് കാലാവസ്ഥാ നിരീക്ഷണംകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  ചുഴലിക്കാറ്റ് സൃഷ്ടിച്ചേക്കാവുന്ന കെടുതികളെ നേരിടാനായി തീരപ്രദേശങ്ങളില്‍ നിന്നു മൂന്നര ലക്ഷത്തോളം പേരെ ഒഴിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
 
അടിയന്തര സഹായങ്ങള്‍ക്കായി നാവിക സേനയുടെ കിഴക്കന്‍ നാവിക കമാന്‍ഡിനെ സജ്ജമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ സഹായത്തിനുള്ള സാമഗ്രികളുമായി നാല് ഇന്ത്യന്‍ നാവിക സേനാ കപ്പലുകളാണ് നിര്‍ദേശങ്ങള്‍ കാത്തുകിടക്കുന്നത്. നാവിക സേനയുടെ കിഴക്കന്‍ കമാന്‍ഡ് സംസ്ഥാന സര്‍ക്കാരുകളുമായി നിരന്തര സമ്പര്‍ക്കത്തിലാണ്.
 
മുങ്ങല്‍ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, റബര്‍ ബോട്ടുകള്‍, ഹെലികോപ്റ്ററുകള്‍, ഭക്ഷണം, ടെന്റുകള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍, കമ്പിളി പുതപ്പുകള്‍ എന്നിവ അടക്കം 5,000 പേര്‍ക്ക് വേണ്ട സാധനസാമഗ്രികള്‍ ഈ കപ്പലുകളില്‍ ശേഖരിച്ചിട്ടുണ്ട്. ഐഎന്‍എസ് ദേഗ നാവിക സ്റ്റേഷനില്‍ ആറു വിമാനങ്ങള്‍ അടിയന്തര സാഹചര്യം നേരിടാന്‍ തയാറായി നില്‍പുണ്ട്. 30 മുങ്ങള്‍ വിദഗ്ധ സംഘവും വേണ്ടി വന്നാല്‍ സ്ഥലത്തെത്തും.
 
ബംഗാള്‍ ഉള്‍ക്കടലിനുമേല്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് രണ്ടു സംസ്ഥാനങ്ങളിലും ആഞ്ഞുവീശുമെന്നും കനത്തമഴ പരക്കെയുണ്ടാകുമെന്നുമാണു കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഇതേതുടര്‍ന്ന് മുന്‍കരുതലായി റയില്‍വേ ചില ട്രെയിനുകള്‍ റദ്ദാക്കി. സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ഒഡീഷ ആന്ധ്ര സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ എല്ലാവിധ സാഹയവും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam