ഇന്ത്യയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ ഏതെങ്കിലും രാജ്യങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് തങ്ങളെ ബാധിക്കില്ല: ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജയശങ്കര്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാരം ഉള്‍പ്പെടെയുള്ള വിദേശനയത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്ന് ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ ഏതെങ്കിലും രാജ്യങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് തങ്ങളെ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാരം ഉള്‍പ്പെടെയുള്ള വിദേശനയത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്ന് ജയശങ്കര്‍ പറഞ്ഞു. എക്കണോമിക് ടൈംസ് വേള്‍ഡ് ലീഡേഴ്‌സ് ഫോറം 2025ല്‍ സംസാരിക്കവെയാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്.
ട്രംപിനെപ്പോലെ പരസ്യമായി വിദേശ നയങ്ങള്‍ പ്രഖ്യാപിക്കുന്ന ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇതുവരെ ഉണ്ടായിട്ടില്ല. ട്രംപ് ലോകത്തോടും സ്വന്തം രാജ്യത്തോടു പോലും ഇടപെടുന്ന രീതി പരമ്പരാഗതമായ ശൈലിയില്‍ നിന്ന് വളരെ വ്യത്യാസമാണ് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയെ ലക്ഷ്യം വയ്ക്കാന്‍ ഉപയോഗിക്കുന്ന വാദങ്ങള്‍ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയ്ക്കും യൂറോപ്പ്യന്‍ യൂണിയനും എതിരെ ട്രംപ് ഉപയോഗിച്ചിട്ടില്ലെന്ന് ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് എണ്ണയോ ശുദ്ധീകരിച്ച ഉല്‍പന്നങ്ങളോ വാങ്ങുന്നതില്‍ നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് വാങ്ങരുത്. ആരും നിങ്ങളെ നിര്‍ബന്ധിക്കുന്നില്ല. നിങ്ങള്‍ വാങ്ങണമെന്നില്ല, നിങ്ങള്‍ക്ക് ഇത് ഇഷ്ടമല്ലെങ്കില്‍ വാങ്ങരുത്- ജയശങ്കര്‍ പറഞ്ഞു.