ബിജെപിയുടെ കളിപ്പാവ, പ്രതിപക്ഷത്തെ വിമര്‍ശിക്കലല്ല ജോലി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മഹുവ മൊയിത്ര
പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
ദേശീയ തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ജോലി പ്രതിപക്ഷത്തെ ആക്രമിക്കലല്ലെന്ന് പറഞ്ഞ മഹുവ മോയിത്ര ഞായറാഴ്ച തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കാണാനായത് ലജ്ജാവഹമായ പാവകളിയാണെന്നും വ്യക്തമാക്കി.
വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നതായുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന് മറുപടി നല്‍കാനാണ് ഇന്നലെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഇതില്‍ ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ ന്യായീകരിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
ബിഹാറില്‍ എന്തുകൊണ്ട് തിടുക്കപ്പെട്ട് എസ്‌ഐആര്‍ നടത്തുന്നു എന്നതിന് വിശദീകരണം നടത്തുന്നതിന് പകരം പ്രതിപക്ഷത്തെ ചോദ്യം ചെയ്യുകയാന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്. മഹാരാഷ്ട്രയില്‍ ലോകസഭാ തിരെഞ്ഞെടുപ്പിനും നിയമസഭാ തെരെഞ്ഞെടുപ്പിനും ഇടയില്‍ 70 ലക്ഷം പുതിയ വോട്ടര്‍മാരെയാണ് ചേര്‍ത്തതെന്ന് കോണ്‍ഗ്രസ് എം പി ഗൗരവ് ഗോഗോയ് ആരോപിച്ചു.