ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മുകളില്‍ യുഎസ് ഏര്‍പ്പെടുത്തിയ 50 ശതമാനം ഇറക്കുമതി തീരുവ പ്രാബല്യത്തില്‍ വന്നതോടെ പുതിയ വിപണികള്‍ ലക്ഷ്യമിട്ട് ഇന്ത്യ. വ്യാപാരബന്ധത്തിലെ ഒരു സങ്കീര്‍ണ്ണമായ അവസ്ഥയാണിതെന്നും എന്നാല്‍ താത്കാലികമായ പ്രതിസന്ധി മാത്രമാണിതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ബുധനാഴ്ച അറിയിച്ചു.
ബ്രിട്ടന്‍, ഓസ്‌ട്രേലിയ, യുഎഇ, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി ഇന്ത്യയ്ക്ക് വ്യാപാര ഉടമ്പടികളുണ്ട്. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് പ്രത്യേകിച്ച് ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്നാണ് ഈ രാജ്യങ്ങള്‍ അറിയിച്ചിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ തീരുവ പ്രശ്‌നം കയറ്റുമതിക്ക് ഉടന്‍ തന്നെ ആഘാതമുണ്ടാക്കില്ലെങ്കിലും ഭാവിയില്‍ പ്രതിസന്ധിയുണ്ടാകാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതേസമയം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കുന്നതിനെ പറ്റി വാണിജ്യമന്ത്രാലയം അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.