മുന്‍ തലമുറകളോടുള്ള കടപ്പാട് പിതൃതര്‍പ്പണത്തിലൂടെ നിര്‍വഹിക്കുകയും കൈമാറുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം. നമ്മുടെ സംസ്കൃതിയുടെ വെളിച്ചം അണയാതെ തലമുറകളിലൂടെ കൈമാറുന്നു. ഇതാണ് പിതൃകര്‍മ്മത്തിന്‍റെ ലക്‍ഷ്യവും സന്ദേശവും.
ഇല്ലം, നെല്ലി, വല്ലം എന്ന പ്രമാണം ഉള്‍ക്കൊണ്ട് ആര്‍ക്കും പിതൃകര്‍മ്മങ്ങള്‍ ചെയ്യാവുന്നതാണ്. ഇല്ലം എന്നാല്‍ സ്വന്തം വീട്, നെല്ലി എന്നാല്‍ വയനാട്ടിലെ തിരുനെല്ലി ക്ഷേത്രം, വല്ലം എന്നാല്‍ തിരുവനന്തപുരത്തെ തിരുവല്ലം പരശുരാമ ക്ഷേത്രം.
തിരുനെല്ലി ക്ഷേത്രത്തിലെ പാപനാസിനിയില്‍ ശ്രീരാമന്‍ അച്ഛനായ ദശരഥനുവേണ്ടി ഉദകക്രിയ ചെയ്തു എന്ന് പുരാണങ്ങളില്‍ പറയുന്നു. തിരുവല്ലത്തെ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണം, തിലഹവനം, പ്രതിമാ സങ്കല്‍പ്പം, ക്ഷേത്രപിണ്ഡം തുടങ്ങിയ പിതൃകര്‍മ്മങ്ങളും ആണ് നടത്താറുള്ളത്.
ശങ്കരാചാര്യര്‍ അമ്മയുടെ ചിതാഭസ്മം തിരുവല്ലം ക്ഷേത്രപരിസരത്ത് ഗംഗാതീര്‍ത്ഥം വരുത്തി നിമജ്ജനം ചെയ്താണ് പിതൃതര്‍പ്പണം നടത്തിയത്.
ആദ്യം പിതൃതര്‍പ്പണം നടത്തിയത് പരശുരാമനാണെന്നാണ് വിശ്വാസം. അച്ഛനായ ജമദഗ്നി മഹര്‍ഷിയെ കാര്‍ത്തവീരാര്‍ജ്ജുനന്‍ കൊന്നതില്‍ കോപാകുലനായ പരശുരാമന്‍ 21 പ്രാവശ്യം ക്ഷത്രിയരെ വധിച്ച് ആ രക്തം കൊണ്ട് പിതൃബലി ചെയ്തുവത്രെ !