Select Your Language

Notifications

webdunia
webdunia
webdunia
webdunia

യേശുവിന് കാശ്മീരില്‍ കല്ലറ

കുരിശില്‍ നിന്ന് കാശ്മീരിലേയ്ക്ക്- ബൈജു

യേശുവിന് കാശ്മീരില്‍ കല്ലറ
ഭാഗം 4

യേശു കാശ്മീരില്‍ ജീവിച്ചിരുന്നുവെന്നതിന് ആധാരമായ സുപ്രധാ‍ന തെളിവാണ് കാശ്മീരിലെ കല്ലറ. കാശ്മീരില്‍ റോസ ബാല്‍ എന്ന കെട്ടിടത്തിലാണ് യേശുവിന്‍റേതെന്ന് കരുതപ്പെടുന്ന ശവകുടീരമുള്ളത്. റോസ ബാല്‍ എന്നാല്‍ "ഒരു പ്രവാചകന്‍റെ കബറിടം" എന്നാണ് അര്‍ത്ഥം.

ശവകുടീരത്തിന്‍റെ പേരാകട്ടെ "ഹസ്രത് ഇസ്സ സാഹിബ്" എന്നും. “പ്രഭുക്കന്മാരുടെ നേതാവായ യേശുവിന്റെ കല്ലറ” (Tomb of the Lord Master Jesus) എന്നാണ് ഇതിന്‍റെ അര്‍ത്ഥം തന്നെ. ഒരു മുസ്ലീം വിശുദ്ധനോടൊപ്പം യൂസ് അസഫ് സംസ്ക്കരിക്കപ്പെട്ടിരിക്കുന്നതായാണ് അവിടെത്തെ ശിലാരേഖകളില്‍ പറയുന്നത്.

മുസ്ലീം പാരമ്പര്യമനുസരിച്ച് വടക്ക്-തെക്ക് രീതിയിലാണ് കല്ലറയുടെ സ്ഥാനമെങ്കിലും‍, കല്ലറയുടെ ഉള്ളിലെ യൂസ് അസഫിന്‍റെ പേടകം കിഴക്ക് പടിഞ്ഞാറ്‌ രീതിയില്‍ വച്ചിരിക്കുന്നത് കല്ലറയിലെ ചെറിയ ദ്വാരത്തില്‍ കൂടി കാണാനാവും.

ശവപേടകം കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ വയ്ക്കുക യഹൂദ പാരമ്പര്യമായതിനാല്‍ യൂസ് അസഫ് ഒരു യഹൂദനാണെന്ന് അനുമാനിക്കപ്പെടുന്നു. ഈ ശവകുടീരത്തിന് 112 എഡി വരെ പഴക്കമുണ്ടെന്നത് തെളിയിക്കുന്നതിന് രേഖകളും ഇന്ന് ലഭ്യമാണ്.

കല്ലില്‍ കൊത്തിയ പാദമുദ്രകളാണ് ഈ ശവകുടീരത്തില്‍ തന്നെ കാണാവുന്ന മറ്റൊരു ശ്രദ്ധേയമായ വസ്തു. ഈ പാദമുദ്രകളില്‍ കാണാവുന്ന പാടുകള്‍ ആണിയടിക്കപ്പെട്ടതിന്‍റേതാണെന്ന് ശവകുടീരത്തെ കുറിച്ച് പഠനം നടത്തിയിട്ടുള്ള പ്രഫസര്‍ ഹസ്നെയ്ന്‍ പറയുന്നു.

കാലില്‍ ആണിയടിച്ച് കുരിശില്‍ തറക്കുന്ന രീതി ഏഷ്യയില്‍ നിലവില്ലാതിരുന്നതിനാല്‍ തന്നെ ഇത് യേശുവാകാനുള്ള സാധ്യതയാണ് ഈ തെളിവുകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ തന്നെ കാശ്മീരിലെ സോളമന്‍റെ ദേവാലയം എന്ന് വിളിക്കുന്ന ചെറിയ ആരാധനാലയത്തില്‍ യൂസ് അസഫ് താന്‍ യേശുവാണെന്ന് അവകാശപ്പെട്ടതായി കൊത്തിവച്ചിട്ടുണ്ട്.

യൂസ് അസഫിന്‍റെ ആശയങ്ങളും യേശുവിന്‍റെ ആശയങ്ങളും തമ്മില്‍ അത്ഭുതാവഹാമായ സാദൃശ്യമാണുള്ളതെന്ന് പറഞ്ഞെല്ലോ! ഈ സാദൃശം വെറും യാദൃശ്ചികമല്ലെന്നും യൂസ് അസഫും യേശുവും ഒരേ ആള്‍ ആയിരുന്നതുമൂലമാണെന്നും പണ്ഡിതന്‍‌മാര്‍ വാദിക്കുന്നു. അതുപോലെ തന്നെ യൂസ് അസഫിനെ നബി എന്ന് വിളിച്ചിരുന്നതായും സൂചിപ്പിച്ചല്ലോ!

ചരിത്രകാരന്‍‌മാരുടെ നിഗമനം അനുസരിച്ച്, നബി എന്ന് പ്രയോഗം ഇസ്ലാമിലും ഇസ്രായേലിലും മാത്രം കാണാവുന്ന ഒന്നാണ്. ഒന്നാം നൂറ്റാണ്ടില്‍ യൂസ് അസഫ് ജീവിച്ചിരുന്നതിനാല്‍ അദ്ദേഹം മുസ്ലീം ആയിരുന്നുവെന്ന് പറയാനാവില്ല. കാരണം അദ്ദേഹത്തിന് 600 വര്‍ഷങ്ങള്‍ക്ക് ശേഷം മുഹമ്മദ് നബിയുടെ വരവോടെയാണെല്ലോ മുസ്ലീങ്ങള്‍ ഉണ്ടാകുന്നത്.

അങ്ങനെയെങ്കില്‍ യൂസ് അസഫ് ഒരു ഇസ്രായേല്‍ക്കാരനായിരുന്നുവെന്ന് നിസംശയം പറയാനാവും. നബി എന്ന പദം സംസ്കൃതത്തില്‍ ഇല്ലാത്തതിനാല്‍ അതൊരു ഹിന്ദുവായിരുന്നുവെന്ന് വാദിക്കാനാവില്ല. യാസു എന്ന പേര് യൂസ് അസഫ് ആയി രൂപാന്തരം പ്രാപിച്ചുവെന്നാണ് ഇവിടെ കരുതേണ്ടത്! സംസ്കൃതത്തില്‍ ഇങ്ങനെയൊരു പദം കാണാനാവാത്തതിനാല്‍ സംസ്ക്കരിക്കപ്പെട്ടയാള്‍ ഹിന്ദുവാണെന്ന് പറയാനാവില്ല.

മാത്രമല്ല ഹിന്ദുക്കള്‍ ശവസംസ്ക്കാരം നടത്താറുമില്ല. ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം ഇതാണ്, യൂസ് അസഫ് എന്നൊരാള്‍ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു. അയാള്‍ ഒരു യഹൂദനും നബിയും പ്രവാചകനും ആയിരുന്നു.

യേശു ഇന്ത്യയില്‍ വന്നതിനെ പറ്റി അപ്പോക്രിഫകള്‍ എന്ത് പറയുന്നു? അടുത്ത ഭാഗം വായിക്കുക.

Share this Story:

Follow Webdunia malayalam